
തൃശ്ശൂർ: ചാലക്കുടിയിൽ മ്ലാവിറച്ചി കൈവശംവെച്ചതിന് യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം. ഒടുവിൽ രാസപരിശോധന റിസൾട്ട് വന്നപ്പോൾ കൈവശംവെച്ചത് പോത്തിറച്ചിയെന്ന് കണ്ടെത്തൽ
ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്.
ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായി. ചുമട്ടുതൊഴിലാളി സുജീഷിൻ്റെ മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ജോബിയും ഇത് മ്ലാവിറച്ചിയാണെന്ന് മൊഴി നൽകിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.
മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. കേസിൽ കേരള ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതി ജോബിയുടെ വീട്ടിൽ നിന്നാണ് ഇറച്ചി പിടിച്ചത്. ഒന്നാം പ്രതിയുടെ വീട്ടിൽ തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് ഇപ്പോൾ അഭിഭാഷകൻ പി.എസ്. വിഷ്ണുപ്രസാദ് ആരോപിക്കുന്നത്. എഫ്എസ്എൽആർ റിപ്പോർട്ട് പ്രകാരം ഇറച്ചി കന്നുകാലിയുടേതാണ്. രണ്ടാം പ്രതി ചുമട്ടുതൊഴിലാളിയാണ്. ഇറച്ചി വ്യാപാരിയുമാണ്. പ്രതികളെ മർദ്ദിച്ചാണ് കുറ്റസമ്മത മൊഴി എടുത്തത്.
ഫോറസ്റ്റ്കാരുടെ ഭീഷണിക്ക് വഴങ്ങിയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കേസ് വന്നതോടെ രണ്ടാം പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി. അദ്ദേഹത്തിന് തൊഴിലും നഷ്ടമായി. ഒന്നും രണ്ടും പ്രതികൾ സമാന കേസുകളിൽ പ്രതികളല്ല. വനം വകുപ് ഉദ്യോഗസ്ഥർ കുടുക്കുകയായിരുന്നു. നേരത്തെ പ്രതികളിലൊരാളും വനം ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിരുന്നുവെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തുന്നു. ഒന്നാം പ്രതിയുടെ വീട്ടിൽ ആദ്യം പരിശോധന നടത്തിയത് ചാലക്കുടി ഡിവൈഎസ്‌പിയുടെ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.