
തേർഡ് ഐ ബ്യൂറോ
കോട്ടയം: ചിക്കൻ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി ഇല്ലിക്കലിൽ വീണ്ടും ആക്രമണം. ഇല്ലിക്കലിലെ ചിക്കൻ കട അടച്ച ശേഷം കടയ്ക്കു മുന്നിൽ നിന്ന യുവാവിനെ ഒരു സംഘം അടിച്ചു വീഴ്ത്തി. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇല്ലിക്കൽ ജംഗ്ഷനിലേയ്ക്കു തിരിയുന്ന വളവിൽ ഇരിക്കുന്ന അൽഅമീൻ ചിക്കൻ സെന്ററിന്റെ ഉടമയുടെ മകൻ കുമ്മനം പുളിമൂട്ടിൽ വീട്ടിൽ അൽ അമീനെയാണ് (24) അക്രമി സംഘം അടിച്ചു വീഴ്ത്തിയത്.
പ്രദേശത്തെ ചിക്കൻ മൊത്തവിതരണ കേന്ദ്രമാണ് ഈ ചിക്കൻ സെന്റർ. വൈകിട്ട് അഞ്ചരയോടെ ഇവരുടെ കടയുടെ മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. നോമ്പ് കാലമായതിനാൽ കടയിൽ ഇരിക്കുകയായിരുന്ന അച്ഛനെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നതിനായാണ് അൽ അമീൻ കടയിൽ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട അടച്ച ശേഷം അമീൻ കടയ്ക്കു പുറത്തേയ്ക്കു ഇറങ്ങി നിൽക്കുന്നതിനിടെ ഒരു സംഘം വാഹനത്തിൽ എത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തു വീണ് അൽ അമീനെ കൊലപ്പെടുത്തുമെന്നും സംഘം ഭീഷണി മുഴക്കി. കയ്യിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ അൽ അമീനെ ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിലേയ്ക്കു എത്തിച്ചു.
ഒരാഴ്ചയോളമായി പ്രദേശത്ത് ചിക്കൻ വിലയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. യൂണിയൻ ഇടപെട്ട് പ്രശ്‌നത്തിൽ ചർച്ച നടക്കുകയാണ്. യൂണിയനിൽ അംഗമല്ലാത്ത ഒരാൾ ചിക്കൻ വില കുറച്ച് വിറ്റതാണ് പ്രശ്‌നങ്ങൾക്കു കാരണമായത്. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. എന്നാൽ, തങ്ങൾക്കു ഈ പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്നും ആക്രമണം ഉണ്ടായത് ഏതു സാഹചര്യത്തിലാണ് എന്ന് അറിയില്ലെന്നും അൽ അമീൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. സംഭവത്തിൽ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്്.