
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എട്ടു മാസം മാത്രമാണ് ബാക്കി.
പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാതായത് എല്‍ഡിഎഫിലേയും യുഡിഎഫിലേയും അതികായര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് താല്‍ക്കാലിക മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിമാര്‍…അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായര്‍ ചരിത്രമായി.
പതിറ്റാണ്ടുകളോളം ഉമ്മന്‍ചാണ്ടിക്ക് രാഷ്ട്രീയ എതിരാളിയായിരുന്നു വി എസ് അച്യുതാനന്ദന്‍. ഇരുവരും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവും ഏറ്റുമുട്ടലുകള്‍ ശക്തമായി. 2004ല്‍ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനുമായി പോരാട്ടം പ്രത്യക്ഷമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2006 മുതല്‍ 2011 വരെ വി എസ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും. വീണ്ടും കേരള രാഷ്ട്രീയം മാറി മറിഞ്ഞു. 2011ല്‍ കാലചക്രം വീണ്ടും കറങ്ങി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. വി എസ് പ്രതിപക്ഷ നേതാവും.
2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായി. വിഎസും ഉമ്മന്‍ചാണ്ടിയും എംഎല്‍എമാരായി നിയമസഭയില്‍ വന്നു പോയി. പതിനാലാം നിയമസഭയില്‍ രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍ ഇടം പിടിച്ചെന്ന പ്രത്യേകതയുമുണ്ടായി. പതിനാലാം നിയമസഭാ കാലഘട്ടത്തില്‍ തന്നെ ഇരുവരുടേയും ആരോഗ്യം മോശമായി.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും ഈ കാലത്ത് തന്നെ വിട്ടകന്നു. 2022 ഒക്ടോബര്‍ 1ന്. 2023 ഡിസംബര്‍ 8ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും നയിച്ച സംസ്ഥാന സെക്രട്ടറിമാരായിരുന്നു ഇരുവരും.
മുഖ്യമന്ത്രിമാര്‍ വിദേശ ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ച രണ്ട് ആക്ടിങ് മുഖ്യമന്ത്രിമാരും വിടവാങ്ങിയത് ഈ നിയമസഭയുടെ കാലയളവിലാണ് വക്കം പുരുഷോത്തമനും സി വി പത്മരാജനും. 2023 ജൂണ്‍ 31നാണ് വക്കം പുരുഷോത്തമന്‍ അന്തരിച്ചത്. 2006ല്‍ ലോക സാമ്ബത്തിക ഫോറത്തിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോള്‍ വക്കം പുരുഷോത്തമനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്.
2025 ജൂലൈ 16ന് ആയിരുന്നു സി വി പത്മരാജന്റെ അന്ത്യം. 1992ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് കാര്‍ അപകടം പറ്റിയ സമയത്തായിരുന്നു സി വി പദ്മരാജന്‍ ആക്ടിങ് മുഖ്യമന്ത്രിയായത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പര്യായങ്ങളായ പി ടി തോമസും തെന്നല ബാലകൃഷ്ണപിള്ളയും വിട പറഞ്ഞതും ഇതേ കാലയളവില്‍ തന്നെ.