മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ; മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു; പിഞ്ചുകുഞ്ഞിന് മരുന്ന് വാങ്ങാൻപോലും സമ്മതിക്കാതെ വഴിതടയുന്നു; വോട്ട് ചെയ്തവർ പൊരിവെയിലത്ത് പെരുവഴിയിൽ നില്ക്കേ ഒരു ഡസനിലധികം അകമ്പടി വാഹനങ്ങളുമായി മുഖ്യമന്ത്രി ചീറിപ്പായുന്നു; മുഖ്യന്റെ യാത്ര ജനങ്ങൾക്ക് തലവേദന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്തിയത്.
മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു
പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ തുടർന്ന് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തേടി. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉള്‍പ്പടെ അപകടത്തിൽപ്പെടുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം പാഞ്ഞ് പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 17 ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.
മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം പഴുതടച്ചുള്ള സുരക്ഷ ഒരുക്കാന്‍ പൊലീസ് പാടുപെടുമ്പോൾ യഥാര്‍ഥത്തില്‍ തടവിലാക്കപ്പെടുന്നത് നാട്ടുകാരാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ അടക്കം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. പിണറായി പ്രസംഗിക്കുന്ന വേദിയില്‍ പോലും പൊലീസ് അതീവ ജാഗരൂകരാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിക്കുമെന്ന ഭയമായിരുന്നു ഈ സന്നാഹങ്ങള്‍ക്കെല്ലാം.