‘മുഖം മിനുക്കാന്‍’ നടപടികളുമായി മുഖ്യമന്ത്രി; അവതാരികയോട് വിനയം, മൈക്ക് ഒടിക്കാതെ മൈക്ക് ഓപ്പറേറ്റർ വേദിയിലെത്തണമെന്ന് അഭ്യർത്ഥന; ദേഷ്യവും കാര്‍ക്കശ്യവും ഒതുക്കി ശൈലിയിൽ മാറ്റം; പാലായിൽ ചാഴിക്കാടനോട് കാണിച്ച ക്ഷോഭത്തിന് പകരം കോട്ടയത്ത് ജോസ് കെ മാണിയെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു; ശൈലി മാറ്റാനും കുറച്ചുകൂടി ജനകീയമാകാനും മുഖ്യൻ പണി തുടങ്ങി

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ കനത്ത പരാജയത്തിന് മുഖ്യ കാരണങ്ങളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജനവികാരമായിരുന്നുവെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ‘മുഖം മിനുക്കാന്‍’ നടപടികളുമായി ഇറങ്ങുകയാണ് പിണറായി വിജയൻ.

ഇഷ്ടമില്ലാത്തത് എന്ത് കണ്ടാലും ദേഷ്യപ്പെടുകയും കാര്‍ക്കശ്യത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ഒരു മാസത്തോളമായി ആകമാനം ശൈലി മാറ്റി തുടങ്ങിയതായാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി അടുത്തിടെ ഏറ്റവും കൂടുതല്‍ പഴികേട്ടത് മൈക്കിനോടും അവതാരകരോടുമുള്ള പെരുമാറ്റത്തിന്‍റെ പേരിലായിരുന്നെങ്കില്‍ തിരുത്തല്‍ നടപടികളുടെ തുടക്കവും അതില്‍ നിന്നുതന്നെയാണെന്നതാണ് അമ്പരപ്പിക്കുന്നത്.

കഴിഞ്ഞ കോട്ടയം പര്യടനത്തിനിടയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ വെബ്സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു എന്ന് അവതാരികയുടെ അനൗണ്‍സ്മെന്‍റ് വന്നു. ഉടന്‍ അവതാരികയ്ക്ക് ഇപ്പം കിട്ടും എന്ന നിലയില്‍ സദസ് കാത് കൂര്‍പ്പിച്ചിരിക്കുമ്പോഴായിരുന്നു തികച്ചും വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ആദ്യം എന്താണ് ചെയ്യേണ്ടത്, വെബ്സൈറ്റ് ഉദ്ഘാടനമാണോ, എങ്കില്‍ ആവാം, കുഴപ്പമില്ല,” എന്നായിരുന്നു. ചിരിച്ചുകൊണ്ടുള്ള പിണറായിയുടെ മറുപടി. അതേസമയം, ചൊവ്വാഴ്ച വിഴിഞ്ഞത്ത് സിപിഎമ്മിന്‍റെ പരിപാടിക്ക് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മൈക്ക് മുഖത്തിന് നേരേ എന്നപോലെ നില്‍ക്കുന്നു.

ഉടന്‍ “മൈക്ക് ഓപ്പറേറ്റര്‍ ഉണ്ടെങ്കില്‍ ഒന്നിവിടവരെ വന്നാല്‍ കൊള്ളാമായിരുന്നു” എന്ന അഭ്യര്‍ത്ഥനയായിരുന്നു പിണറായി നടത്തിയത്. അല്ലാതെ കോട്ടയത്ത് തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ മൈക്ക് ശരിയാക്കാന്‍ അതില്‍ പിടിച്ച്‌ ചരിച്ചപ്പോള്‍ മൈക്ക് ഒടിഞ്ഞു താഴെ വീഴുകയും ഒടുവില്‍ ‘മൈക്കിനോടും കലി’ എന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

ആ ക്ഷീണം ഇത്തവണ വിഴിഞ്ഞത്ത് അദ്ദേഹം തിരുത്തി. മാത്രമല്ല, ഓപ്പറേറ്റര്‍ തിടുക്കപ്പെട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ സാവധാനം മതിയെന്ന് സമാധാനിപ്പിക്കാനും മറന്നില്ല. നവകേരള സദസിനിടെ പാലായിലെ വേദിയില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ചാഴികാടനുണ്ടാക്കിയ നഷ്ടം ചെറുതായിരുന്നില്ല. അതിനും കഴിഞ്ഞ ദിവസത്തെ കോട്ടയം സന്ദര്‍ശനത്തില്‍ പിണറായിയുടെ വക ഒരു പ്രായശ്ചിത്തം ഉണ്ടായിരുന്നു.

കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴായിരുന്നു കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി വേദിയിലേയ്ക്ക് വരുന്നത്. ജോസ് കെ മാണി സ്റ്റേജില്‍ കയറിയപ്പോള്‍ എഴുന്നേറ്റു നിന്ന് ഹസ്തദാനം ചെയ്തായിരുന്നു പിണറായി സ്വീകരിച്ചത്. ഇതൊക്കെ പിണറായിയുടെ ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ്.

അതിനിയും തുടര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ആളുകളെയും നേതാക്കളെയും കാണുമ്പോഴും കുറച്ചുകൂടി സ്നേഹത്തില്‍ പഴയതില്‍ നിന്നും വ്യത്യസ്തമായാണ് പിണറായിയുടെ സമീപനം എന്ന് പൊതു നിരീക്ഷണം ഉയരുന്നുണ്ട്. ഇതോടെ ശൈലി മാറ്റാനും കുറച്ചുകൂടി ജനകീയമാകാനും പിണറായി ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനു വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ക്കും ഇപ്പോള്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രെ. സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. അതിനു മുമ്പ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തണം എന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. വീണ്ടും പരാജയം ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങള്‍ ഉയരാനും സാധ്യതയുണ്ട്.