
പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; ക്രിമിനൽ പൊലീസിനെ വച്ചുപൊറുപ്പിക്കില്ല. സി.ഐ സുനുവിനെ പുറത്താക്കാൻ ശുപാർശ, പൊലീസ് ആസ്ഥാനത്ത് പട്ടിക തയ്യാറാക്കുന്നു.
സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയാവുകയും 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിടുകയും ചെയ്ത കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ അടക്കം പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശ ഡി.ജി.പി നൽകിക്കഴിഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മൊത്തം കേസുകളുടെ പരിശോധന പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ”ക്രിമിനൽത്തൊപ്പി””എന്ന പേരിൽ ‘കേരളകൗമുദി” പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊലീസിനെ ശുദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് മൂന്ന് അവലോകനയോഗങ്ങൾ വിളിച്ചു. കേസുകളുടെയും വകുപ്പുതലത്തിലടക്കം സ്വീകരിച്ച നടപടികളുടെയും വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികൾ ഉടൻ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇവ പരിശോധിച്ച് പിരിച്ചുവിടൽ അടക്കമുള്ള നടപടികൾ ശുപാർശ ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡിലാവുകയോ തടവുശിക്ഷ അനുഭവിക്കുകയോ ചെയ്തവരുടെ വിവരങ്ങൾ പ്രത്യേകമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാര കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ പിരിച്ചുവിടില്ല.
തൊപ്പി തെറിക്കുന്നവർ
#സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിൽ പ്രതികളായവർ.
# ഗുരുതര കുറ്റകൃത്യങ്ങളിൽപെട്ട 59 പൊലീസുകാരുണ്ടെന്ന് മൂന്നുവർഷം മുൻപ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 12പേർ പോക്സോ കേസിലും 5പേർ പീഡനക്കേസിലും പ്രതികളായിരുന്നു. ഇവരെ പിരിച്ചുവിട്ടിരുന്നില്ല.
#മൂന്നു വർഷത്തിനുള്ളിൽ കേസുകളിൽ ഉൾപ്പെട്ട പൊലീസുകാരെ പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തും. മൊത്തം എത്രപേർ പുറത്താവുമെന്ന് ഇപ്പോൾ വ്യക്തമല്ല.
കൊടുംക്രിമിനൽ സുനു
കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശയാണ് ഡി.ജി.പി ആദ്യമായി നൽകിയത്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോൾ പൊലീസിന്റെ അധികാരമുപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് ഗൗരവമേറിയതാണെന്നും പരാതി നൽകാനെത്തിയവരെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു തവണ റിമാൻഡിലാവുകയും ചെയ്തു.
പുറത്താക്കൽ ചട്ടം
#പൊലീസ് ആക്ട് 86(ബി): അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പുറത്താക്കാം
# 86(സി): ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ജോലിക്ക് ‘അൺഫിറ്റാണെങ്കിൽ’ പുറത്താക്കാം
#പിരിച്ചുവിടാൻ രണ്ടാഴ്ചമതി
വകുപ്പുതല അന്വേഷണം നടന്നു കഴിഞ്ഞതിനാൽ ഇനി നോട്ടീസ് നൽകി ഹിയറിംഗ് നടത്തി തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു പൂർത്തിയാക്കാൻ കഴിയും. പൊലീസ് മേധാവിക്കോ സർക്കാരിനോ പിരിച്ചുവിടാം.