പക്ഷിപ്പനിയും വിലക്കയറ്റവും ഒന്നുംതന്നെ ബാധിച്ചില്ല; പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി; ഏറ്റവുമധികം വില്‍പ്പന നടന്നത് എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ

Spread the love

പക്ഷിപ്പനിയും വിലക്കയറ്റവും ഒന്നുംതന്നെ ബാധിച്ചില്ല,  പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല.

video
play-sharp-fill

ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.സംസ്ഥാനത്ത് ഒരു സാധാരണ ദിവസം വീടുകളിലേക്കും ഭക്ഷണശാലകളിലേക്കുമായി ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയുടെ ചിലവാണ് ഉണ്ടാകാറുള്ളത്. ആഘോഷ ദിവസങ്ങളില്‍ വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വില്‍പ്പന നടന്നത്. 3.5 ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പ്പന നടന്ന തൃശ്ശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. 84,000 കിലോ കോഴിയിറച്ചി വിറ്റ വയനാടാണ് ഏറ്റവും വില്‍പ്പനയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഘോഷങ്ങളില്‍ വിറ്റിരുന്ന കോഴിയിറച്ചി പരമാവധി 22 ലക്ഷം മാത്രമായിരുന്നു. സംസ്ഥാനത്ത് ലൈവ് ചിക്കന് ഒരു കിലോ 164 രൂപ മുതല്‍ 168 രൂപ വരെയാണ് വില. പ്രാദേശികമായി ഈ വിലയില്‍ ചില മാറ്റങ്ങളുണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group