
ചെറുതുരുത്തിയിൽ അഞ്ചടിയോളം വളർച്ചയുള്ള കഞ്ചാവ് ചെടി കണ്ടെത്തി ; പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്
തൃശ്ശൂർ: ചെറുതുരുത്തി ടൗണില്‍ പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായി സൂപ്പർ മാർക്കറ്റിന് മുകളില്‍ കഞ്ചാവ് ചെടി കണ്ടെത്തി. അഞ്ചടിയോളം വളർച്ചയുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ.ആർ നിഖിലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സീനിയർ സിവില്‍ പോലീസ് ഓഫീസർ ആയ വിനീത് മോൻ, സിവില്‍ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് 50 മീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന സൂപ്പർമാർക്കറ്റിന് മുകളിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നിരവധി മദ്യക്കുപ്പികളും പോലീസ് സംഘം ഇവിടെനിന്നും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ നിന്ന് നോക്കുന്ന ആളുകള്‍ കാണാതിരിക്കുന്നതിന് വേണ്ടി ചെടി മറച്ച രീതിയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറുതുരുത്തിയില്‍ കോഴിഫാമിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയ സംഭവത്തില്‍ നേരത്തെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.