
ചേർത്തലയിലെ ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമ്മാണത്തിനുള്ള ഓർഡർ ലഭിച്ചു ; പൊതുമേഖല സ്ഥാപനത്തിന് ഓർഡർ ലഭിക്കുന്നത് ഇന്ത്യയിൽ ആദ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചേർത്തലയിലെ ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമ്മാണത്തിനുള്ള ഓർഡർ ലഭിച്ചു. ഉത്തര റെയിൽവെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ കാസ്നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമ്മിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയിൽവെ ബോഗി നിർമ്മിക്കാനുള്ള ഓർഡർ ലഭിക്കുന്നത്. ടെൻഡറിൽ പങ്കെടുത്ത ഓട്ടോകാസ്റ്റ് ആണ് ഏറ്റവും കുറഞ്ഞ തുക നൽകിയത്.തുടക്കക്കാർ എന്ന നിലയിൽ നിലവിലെ ടെൻഡറിൽ സൂചിപ്പിച്ചതിൽ അഞ്ച് ശതമാനം ബോഗി നിർമ്മിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിന് ലഭിക്കൂ. റെയിൽവെ നിശ്ചയിച്ച നിലവാരത്തിൽ ബോഗി നിർമ്മിച്ചാൽ, തുടർ ടെൻഡറുകളിൽ യോഗ്യത നേടുമ്പോൾ 20 ശതമാനം ബോഗികൾ നിർമ്മിക്കാം. അതും വിജയകരമായി പൂർത്തിയാക്കിയാൽ തുടർന്നുള്ള ടെൻഡറുകളിൽ ഒന്നാമതെത്തുമ്പോൾ മുഴുവൻ ബോഗികളും നിർമ്മിക്കാൻ യോഗ്യതയുണ്ടാകും.പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമ്മിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റിലെ എൻജിനിയർമാരും തൊഴിലാളികളുമാണ് ഇതിൽ പങ്കാളികളായത്. വിവിധ ബോഗികളുടെ മാതൃകകൾ വിശദമായി പരിശോധിച്ചാണ് സ്വന്തമായി ബോഗി നിർമ്മിച്ചത്. പുതിയ ബോഗി നിർമ്മിക്കാനായി ആർ.ഡി.എസ്.ഒയുടെ ലക്നൗ കേന്ദ്രത്തിൽ നിന്നാണ് ഡിസൈൻ ശേഖരിക്കുക.ബോഗി നിർമ്മാണത്തിനുള്ള ആവശ്യം വർദ്ധിച്ച് വരികയാണ്. പൊതുമേഖലാ സ്ഥാപനമെന്ന നിലയിലാണ് ഓട്ടോകാസ്റ്റിനെ കാര്യമായി പരിഗണിക്കുന്നതെന്ന് ഉത്തര റെയിൽവേ അറിയിച്ചിട്ടുണ്ട്”