
ഡ്രൈവർ മദ്യലഹരിയിൽ; രക്ത പരിശോധനയിൽ കണ്ടെത്തിയത് അനുവദനീയമായ അളവിനെക്കാൾ 8 ഇരട്ടി മദ്യം; സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 7 കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് ചേർത്തല പോലീസ്
ചേർത്തല: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 7 കുട്ടികൾക്ക് പരിക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ മാരാരിക്കുളം മാർക്കറ്റിന് സമീപമായിരുന്നു അപകടം. രണ്ട്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് പരിക്കുകളോടെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓട്ടോഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു. എസ്. എൽ പുരം താമരപ്പള്ളിയിൽ വീട്ടിൽ അജയകുമാർ (49) ഓടിച്ച ഓട്ടോ മാരാരിക്കുളം മാർക്കറ്റിന് സമീപം വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഓട്ടോ പൊക്കിയെടുത്ത ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവറുടെ ഇടതുകൈയ്യിനും പരിക്കേറ്റുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ അനിരുദ്ധ്, അഭിനവ് കൃഷ്ണ, അവന്തിക, ജോതിലക്ഷ്മി, അനുപമ, മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ ബാലഭാസ്കർ, ആര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവർക്കും കൈകൾക്കും തലയ്ക്കുമാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. അനുവദനീയമായ മദ്യത്തിന്റെ അളവിനെക്കാൾ എട്ട് ഇരട്ടി മദ്യത്തിന്റെ അളവ് ഓട്ടോഡ്രൈവറുടെ രക്തപരിശോധനയിൽ കണ്ടെത്തിയതായി ചേർത്തല എ. എം. വി. എ. ആർ. രാജേഷ് പറഞ്ഞു. ഡ്രൈവർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു.