കടയുടമയുമായി വാക്ക് തർക്കം, പിന്നാലെ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും ആക്രമണം; ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ യുവതി ഉൾപ്പെടെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കൊച്ചി: കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്.

ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുൾപ്പടെയുള്ള നാൽവർ സംഘം.

റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടൽ കാണാൻ പുറത്തിറങ്ങി. മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി. അവിടെ കണ്ട കടയുടമയോടായി വാക്ക് തർക്കം.

വാക്കേറ്റത്തിനിടെ സംഘത്തിലെ വടകര സ്വദേശിയായ ഫർസാന എല്ലാ പരിധികളും വിട്ടു. ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി യുവതിയും സംഘവും സംഘർഷം അഴിച്ച് വിട്ടു. അരമണിക്കൂർ സമയം പ്രദേശത്താകെ വലിയ ബഹളം.

കട ഉടമ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ബഹളം. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് പൊലീസ് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി.

കൂടുതൽ ലഹരിവസ്തുക്കൾ ഉണ്ടോ എന്ന സംശയത്തിൽ പൊലീസ് ഇവർ താമസിച്ചിരുന്ന റിസോർട്ടിൽ പരിശോധന നടത്തി.

എന്നാൽ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.