ഇടുക്കി എസ് പി അഴിമതിക്കാരൻ ; പീരുമേട് ഉരുട്ടിക്കൊലയെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണം : ചെന്നിത്തല

ഇടുക്കി എസ് പി അഴിമതിക്കാരൻ ; പീരുമേട് ഉരുട്ടിക്കൊലയെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണം : ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെയാണു ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ജുഡീഷൽ അന്വേഷണം വന്നാൽ കാലതാമസമുണ്ടാകില്ലേ എന്നു മുഖ്യമന്ത്രി ചോദ്യമുന്നയിച്ചപ്പോൾ, ജുഡീഷൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഒരുപോലെ നടക്കട്ടെയെന്നും ഇല്ലെങ്കിൽ കേസ് തേച്ചുമായ്ച്ചുകളയാൻ പോലീസിനു കഴിയുമെന്നും ചെന്നിത്തല മറുപടി നൽകി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും, വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർ ഇപ്പോഴും സർവീസിലുണ്ട്. പോലീസ് ചെയ്ത ഒരു ക്രൂരമായ കൃത്യത്തെക്കുറിച്ച് പോലീസ് തന്നെ അന്വേഷിക്കണമെന്നു പറയുന്ന നിലപാടു ശരിയല്ല. സമയം കിട്ടിയാൽ കേസ് അന്വേഷിക്കുന്ന പോലീസ് തന്നെ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാനുള്ള പഴുത് കണ്ടെത്തും- ചെന്നിത്തല പറഞ്ഞു.നിരപരാധികളെ പിടിച്ചുകൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയ പോലീസുകാരെ സർക്കാർ സംരക്ഷിക്കരുത്. കുഴപ്പക്കാരെ അടിച്ചുകൊല്ലാൻ പോലീസിന് അനുവാദം കൊടുക്കുന്നതു ശരിയല്ല. ഇടുക്കി എസ്പിയെ പറ്റി എല്ലാവർക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എസ്പിക്കെതിരേ ഉയരുന്നത്. കേസ് തേച്ചുമായ്ക്കാൻ ഇപ്പോൾ തന്നെ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് അറിഞ്ഞില്ലെന്നാണ് എസ്പി പറയുന്നത്. എല്ലാ ദിവസവും രാവിലെ സ്റ്റേഷൻ വിവരങ്ങൾ എസ്പിയെ വയർലസിലൂടെ അറിയിക്കാറുണ്ട്. എന്നിട്ടും രാജ്കുമാർ നാലു ദിവസം അനധികൃതമായി കസ്റ്റഡിയിൽ എടുത്തത് എസ്പി അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.രാജ്കുമാറിനെ റിമാൻഡ് ചെയ്ത ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റിൻറെ പ്രവർത്തിയിലും ചെന്നിത്തല സംശയങ്ങൾ ഉയർത്തി. രാജുകുമാറുമായി എത്തിയ വാഹനത്തിന് അടുത്തേക്കു ചെന്നാണ് ഇടുക്കി മജിസ്‌ട്രേറ്റ് രാജ്കുമാറിൻറെ റിമാൻഡ് റിപ്പോർട്ട് കണ്ടത്. അത്തരത്തിൽ അവശനായ പ്രതിയെ എങ്ങനെയാണ് അദ്ദേഹത്തിനു റിമാൻഡ് ചെയ്യാൻ കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.