
പ്ലേ ഓഫ് കാണാതെ പുറത്ത് പോകുന്ന ആദ്യ ടീമായി ചെന്നെെ ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലുവിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ നാലുവിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ഈ ഐ.പി.എൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്ത് പോകുന്ന ആദ്യ ടീമായി ചെന്നെെ മാറി. ചെന്നൈ മുന്നില്‍വെച്ച 191 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (41 പന്തില്‍ 72) തകര്‍പ്പന്‍ ഇന്നിങ്‌സും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ചുറിയും (36 പന്തില്‍ 54) ആണ് പഞ്ചാബിന് വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.2 ഓവറില്‍ 190-ന് പുറത്തായി. യുസ്‌വേന്ദ്ര ചെഹലിന്റെ ഹാട്രിക്കാണ് ചെന്നൈയെ തകര്‍ത്തത്. ചെഹല്‍ മൂന്നോവറില്‍ 32 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 194/6.
ടീം സ്‌കോര്‍ 44-ല്‍ നില്‍ക്കേ ഓപ്പണര്‍ പ്രിയാംശ് ആര്യയെ (15 പന്തില്‍ 23) ആണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് പ്രഭ്‌സിമ്രാനും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് നഹാല്‍ വധേര (5), ശശാങ്ക് സിങ് (12 പന്തില്‍ 23), സൂര്യാംശ് ഷെദ്‌ഗെ (1) എന്നിവരും പുറത്തായി. ഇതിനിടെ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് തകര്‍പ്പനടികളുമായി മുന്നോട്ടുപോയി. 40 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതമാണ് അയ്യരുടെ ഇന്നിങ്‌സ്. 19-ാം ഓവറില്‍, ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം ബാക്കിയിരിക്കേ ശ്രേയസിനെ മതീഷ പതിരണ പുറത്താക്കി. പ്രഭ്‌സിമ്രാന്‍ സിങ് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിട്ടുണ്ട്. ജോഷ് ഇംഗ്ലിസും (6) മാര്‍ക്കോ യാന്‍സനും (4) ആണ് വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ചെന്നൈക്കായി ഖലീല്‍ അഹ്‌മദും പതിരണയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.
നേരത്തേ ഇംഗ്ലീഷ് താരം സാം കറന്റെ ഇന്നിങ്‌സ് മികവില്‍ പഞ്ചാബ് കിങ്‌സിനെതിരേ 191 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ഔട്ടായി. 47 പന്തില്‍നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. പഞ്ചാബിനായി യുസ്‌വേന്ദ്ര ചെഹല്‍ ഹാട്രിക് നേടി. 19-ാം ഓവറില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റുകളാണ് ചെഹല്‍ സ്വന്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 22 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ ഷായിക് റഷീദ് (11), ആയുഷ് മാത്രേ (7) എന്നിവരെ നഷ്ടമായിരുന്നു. പിന്നാലെ സാം കറനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോര്‍ 48 വരെയെത്തിച്ചു. ആറാം ഓവറില്‍ ജഡേജയെ ഹര്‍പ്രീത് ബ്രാര്‍ മടക്കി. 12 പന്തില്‍നിന്ന് നാല് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം.
തുടര്‍ന്ന് സാം കറന്‍-ഡെവാള്‍ഡ് ബ്രെവിസ് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ചെന്നൈ ഇന്നിങ്‌സ് കുതിച്ചു. നാലാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 26 പന്തില്‍നിന്ന് 32 റണ്‍സെടുത്ത ബ്രെവിസിനെ മടക്കി അസ്മത്തുള്ള ഒമര്‍സായിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.