കള്ളന്മാര്‍ വീടിനുള്ളില്‍ കടന്നത് അഞ്ചടി ഉയരമുള്ള ജനല്‍ ഇളക്കി മാറ്റി; പ്രതികളെ പിടിക്കാന്‍ തീവണ്ടിവളഞ്ഞ് കേരള പൊലീസും; സഹായത്തിന് ചെന്നൈ റെയില്‍വേ പൊലീസും; ഒടുവില്‍ മുപ്പത്തെട്ട് പവന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലാകുമ്പോൾ….!
സ്വന്തം ലേഖിക
തൃശ്ശൂര്‍: ഒരു സംഘം പൊലീസുകാര്‍ തീവണ്ടി ബോഗി വളയുന്നു. സഹായത്തിന് ചെന്നൈ റെയില്‍വേ പൊലീസും. ഏറെനേരത്തെ തിരച്ചിലിനുശേഷം രണ്ടു ബംഗാള്‍ സ്വദേശികളെ പിടികൂടുന്നു.
സിനിമയിലെ സീനുകളെ പോലും വെല്ലുന്ന തരത്തിലുള്ള ഓപ്പറേഷനായിരുന്നു ചെന്നൈ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനിൽ നടന്നത്. 38.5 പവന്‍ മോഷണംപോയ സംഭവത്തിലെ പ്രതികളാണ് പിടിയിലായ ഇരുവരും.
മോഷ്ടാക്കളെ തേടി വെസ്റ്റ് പൊലീസ് പോയത് ആദ്യം പശ്ചിമബംഗാളിലാണ്. അവിടെനിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഇവര്‍ ചെന്നൈയില്‍ ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ ബൊറാംഷക്‌പുര്‍ സ്വദേശി ഷെയ്‌ക്ക് മക് ബുള്‍ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാര്‍ ഷെയ്‌ക്ക് (45) എന്നിവരാണ് പിടിയിലായത്.
ജൂണ്‍ 16-നായിരുന്നു സംഭവം. പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവർ മോഷ്ടിച്ചത്. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനല്‍ ഇളക്കിമാറ്റി അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
മോഷ്ടാക്കളെ പിടികൂടാന്‍ കമ്മിഷണര്‍ ആര്‍. ആദിത്യ, അസി. കമ്മിഷണര്‍ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്.
ക്യാമറകളില്‍നിന്ന് പ്രതികളുടെ അവ്യക്ത ചിത്രം ലഭിച്ചു. തൃശ്ശൂരിലെ ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് 25-ന് വെസ്റ്റ് പൊലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാര്‍ഡുകളുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു.
തുടര്‍ന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിര്‍ത്തിഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങള്‍ ലഭിച്ചു.
മോഷണപരമ്പരകള്‍ക്കായി പ്രതികള്‍ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്നാണ് പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചത്. തീവണ്ടിയില്‍ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയില്‍വേ പൊലീസിന്റെ സഹായത്താല്‍ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. കംപാര്‍ട്ട്മെന്‍റ് മൊത്തം വളഞ്ഞാണ് തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ഇവരെ പിടികൂടിയത്.
വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖില്‍ വിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിന്‍, പി.സി. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടല്‍ മൂലമാണ് റെയില്‍വേ പൊലീസിന്റെ സഹായം ലഭിച്ചത്.