
ചെങ്ങന്നൂര്‍: നഗരസഭയില്‍ അഴിമതിയും ക്രമക്കേടുകളും നടത്തിയ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും എതിരെ വിജിലന്‍സ് കേസെടുത്തു.
പൊതുപ്രവര്‍ത്തകനായ രമേശ് ബാബു സര്‍ക്കാരില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവിന്‍ പ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചെങ്ങന്നൂര്‍ നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറും പലതവണ നഗരസഭ ചെയര്‍മാനുമായിരുന്ന രാജന്‍ കണ്ണാട്ട്, മകന്‍ മാത്യു കെ. തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി പരാതിക്കാരനില്‍ നിന്നും വിശദമായ മൊഴിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ ആയിരുന്ന രാജന്‍ കണ്ണാട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂര്‍ ശാസ്താംപുറം ഷോപ്പിംഗ് കോംപ്ലക്‌സിലെ 8,9,10,17,18,19 നമ്പര്‍ കടമുറികളുടെ ലൈസൻസ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ മകനായ മാത്യു കെ. തോമസിന്റെ പേരിലേക്ക് മാറ്റം ചെയ്തു നല്‍കി.
മകന് അന്യായ നേട്ടം ഉണ്ടാക്കി നല്‍കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി കടമുറികളുടെ ലൈസന്‍സ് എ.സി മോഹനന്‍ എന്നയാളുടെ പേരില്‍ നിന്നും മാത്യു കെ. തോമസിന്റെ പേരിലേക്ക് മാറ്റം ചെയ്തു നല്‍കുന്നതിലേക്ക് കൗണ്‍സില്‍ തീരുമാനമെടുത്ത ചെങ്ങന്നൂര്‍ നഗരസഭയുടെ 13-10-2010 തീയതിയിലെ കമ്മിറ്റിയില്‍ രാജന്‍ കണ്ണാട്ട് അധ്യക്ഷനായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു.
ഈ കടമുറികളില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃതമായി പരിഷ്‌കരണം വരുത്തുകയും അനധികൃതമായി മെസാനിയന്‍ ഫ്‌ലോര്‍ നിര്‍മ്മിക്കുകയും മുറികളില്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി തിരിക്കുകയും മുറികള്‍ക്ക് നഗരസഭ ഈടാക്കേണ്ടതായ ആനുപാതികമായ വാടക ഈടാക്കാതിരിക്കുകയും ചെയ്തതായും പറയുന്നു.
11-12-2021ല്‍ സര്‍ക്കാരില്‍ നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്റര്‍ 6-12-2021ല്‍ നല്‍കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശകളും പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറി.
ഭരണസമിതിയിലെ യുഡിഎഫിന്റെ 16 അംഗങ്ങള്‍ക്കെതിരെയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാതിയില്‍ പറയുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്
നഗരസഭ കാര്യാലയത്തിനു കിഴക്കുവശത്തെ ചുറ്റുമതില്‍ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പൊളിച്ചുമാറ്റുകയും അന്നത്തെ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ സ്വജനപക്ഷപാതം കാട്ടി അനര്‍ഹമായി സഹായിക്കുകയും ചെയ്തു.
ശാസ്താംപുറം മാര്‍ക്കറ്റിലെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടമുറികളില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത നിര്‍മ്മാണം നടത്തി. അന്നത്തെ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതുമൂലം സാമ്പത്തിക നഷ്ടം ഉണ്ടായി. ചെയര്‍പേഴ്‌സണ്‍ പദവി ദുര്‍വിനിയോഗം ചെയ്ത് ഔദ്യോഗികരേഖകളില്‍ കൃത്രിമം കാട്ടി.
ആറാം വാര്‍ഡിലെ അഗതി മന്ദിരം നടത്തുന്നതിന് കൗണ്‍സില്‍ തീരുമാന പ്രകാരം പത്രപരസ്യം നല്‍കി അപേക്ഷ സ്വീകരിക്കാതെ അടൂര്‍ കേന്ദ്രമായ സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്‍കിയത് നിയമവിരുദ്ധമാണ്.
ശാസ്താംപുറം മാര്‍ക്കറ്റ് വ്യാപാര സമുച്ചയത്തിലെ രണ്ട് കടമുറികള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കച്ചവടം നടത്തുകയും കീഴ് വാടകയ്ക്ക് നല്‍കുകയും ചെയ്തു.
ശാസ്താംപുറം മാര്‍ക്കറ്റിലുള്ള വ്യാപാര സമുച്ചയത്തിലെ കടമുറി നഗരസഭയുടെ അനുമതി കൂടാതെ രൂപഭേദം വരുത്തുകയും കീഴ് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. കരാര്‍ പുനഃപരിശോധിക്കണമെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി കൗണ്‍സില്‍ തീരുമാനം എടുത്തു.
നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലെക്‌സിലെ 25?258 കടമുറി ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസായി ഡെപ്പോസിറ്റും കരാര്‍ വ്യവസ്ഥകളുമില്ലാതെ നല്‍കി 4,37,285 രൂപ നഗരസഭയ്ക്ക് നഷ്ടം വരുത്തി.
ആറാം വാര്‍ഡിലെ നഗരസഭ കെട്ടിടം അഗതി മന്ദിരം നടത്തുന്നതിന് പത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിക്കാതെ അടൂര്‍ കേന്ദ്രമായ ഒരു സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്‍കി. ഇത് മൂലം 40,000 രൂപ മാസ വാടക നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടം ആയുര്‍വേദ ആശുപത്രിക്കായി വാടകയ്ക്ക് എടുക്കേണ്ടി വന്നു.
റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്ററുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.