
സ്വന്തം ലേഖകൻ
ചെങ്ങന്നൂര്‍: മുളക്കുഴയില്‍ വാഹനം ഇടിച്ചു വൈദ്യുതി തൂണ്‍ ഒടിഞ്ഞ് അപകടം. അപകട സ്ഥലത്തെത്തിയ 10 പേര്‍ക്ക് ഷോക്കേറ്റു. ഒരു യുവാവിന് ഗുരുതര പരിക്കേറ്റു. പന്തളം ഭാഗത്തേക്കു പോയ പിക്കപ് വാന്‍ ഇടിച്ചു 11 കെവി ലൈനിന്റെ വൈദ്യുതി തൂണാണ് ഒടിഞ്ഞത്. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ശബ്ദം കേട്ടു പുറത്തിറങ്ങിയ സമീപവാസികള്‍ക്കും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ നിന്നിറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണു ഷോക്കേറ്റത്.
എംസി റോഡില്‍ മുളക്കുഴ മാര്‍ത്തോമ്മാ പള്ളിക്കു മുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. പാലനില്‍ക്കുന്നതില്‍ റെനി സാമുവല്‍ (50), ഭാര്യ മറിയാമ്മ (45), മകന്‍ റിഷി സാം (18), റെനിയുടെ പിതാവ് സാമുവല്‍ തോമസ് (85), റെനിയുടെ സഹോദരന്‍ റെജി സാമുവല്‍ (41), പാലനില്‍ക്കുന്നതില്‍ ഷിബു (64), മകന്‍ ഷെറി (24), ബസ് ജീവനക്കാരായ മിഥുന്‍ ആര്‍കൃഷ്ണന്‍, സാജന്‍, യാത്രക്കാരന്‍ അഖില്‍ (24) എന്നിവരാണ് ഷോക്കേറ്റവര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടര്‍ന്ന് സമീപവാസികള്‍ റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ പന്തളം ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ആളെ ഇറക്കാനായി നിര്‍ത്തി. ഈ സമയം ചെങ്ങന്നൂര്‍ ഭാഗത്തേക്കു വന്ന മറ്റൊരു പിക്കപ് വാനില്‍ കുരുങ്ങിയ വൈദ്യുതി കമ്പി ദേഹത്തു തട്ടിയാണ് ഷോക്കേറ്റതെന്ന് പരുക്കേറ്റവര്‍ പറയുന്നു. ചിലര്‍ ഷോക്കേറ്റ് തെറിച്ചുവീണു. വിവരം അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം യഥാസമയം വിച്ഛേദിക്കാതിരുന്നത് അപകടത്തിനിടയാക്കിയെന്ന് ഷോക്കേറ്റവര്‍ ആരോപിച്ചു.