തീർത്ഥാടകരെ വരവേൽക്കാൻ ചോർന്നൊലിക്കുന്ന പ്ലാറ്റ്ഫോമുകളും, വെള്ളക്കെട്ടും; മണ്ഡലകാലത്തോടനുബന്ധിച്ചുള്ള നവീകരണം തുടങ്ങാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ

Spread the love

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു ‘ശബരിമലയുടെ കവാടം’ എന്ന പേര് റെയിൽവേ നൽകിയിട്ടു വർഷങ്ങളായി. എന്നാൽ, മണ്ഡല മകരവിളക്ക് ഉത്സവ സീസണിലും മലയാളമാസങ്ങളിലെ ആദ്യദിനങ്ങളിലും ചെങ്ങന്നൂരിൽ ട്രെയിനിറങ്ങുന്ന പതിനായിരക്കണക്കിനു ശബരിമല തീർഥാടകർ ആ പേര് കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ട ഗതികേടിലാണ്.

video
play-sharp-fill

സ്റ്റേഷന്റെ നവീകരണ പദ്ധതി പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും നിർമാണം തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പഴയ കെട്ടിടം പൊളിച്ചു നീക്കുമെന്നതിനാൽ വൻതുക മുടക്കി അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ തയാറല്ല. പണികൾ നീളുന്തോറും യാത്രക്കാരുടെ അസൗകര്യവും തുടരുന്നു.

ചോർന്നൊലിക്കുന്ന പ്ലാറ്റ്ഫോമുകളും വെള്ളക്കെട്ടു നിറഞ്ഞ മുൻഭാഗവുമൊക്കെയാകും തീർത്ഥാടകരെ സ്വാഗതം ചെയ്യാനുള്ളത്. മഴ പെയ്യുമ്പോൾ നനയാതെ വാഹനങ്ങളിൽ നിന്നിറങ്ങാനോ കയറാനോ പോർച്ച് പോലും സ്റ്റേഷനിൽ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീസണിൽ മാത്രം പ്രവർത്തിക്കുന്ന ഓട്ടോ–ടാക്സി പ്രീപെയ്ഡ് കൗണ്ടർ കം പൊലീസ് എയ്ഡ്പോസ്റ്റിന്റെ പ്രവർത്തനം സ്ഥിരമാക്കണമെന്ന ആവശ്യവും ഉയരുന്നു.

തീർഥാടനകാലം തുടങ്ങാൻ 17 ദിവസം മാത്രം അവശേഷിക്കെ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, പിൽഗ്രിം ഷെൽട്ടർ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഇനിയും തുടങ്ങിയിട്ടില്ല. പെയ്ന്റിങ്ങും നടത്തണം.

വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ കൊണ്ടുവരുമെന്നാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പ്രഖ്യാപിച്ചിരുന്നത്. സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് ആദ്യം 220 കോടി രൂപ അനുവദിക്കുകയും പിന്നീട് 190 കോടിയായി കുറഞ്ഞ തുക ഒടുവിൽ 98.16 കോടിയായി ചുരുങ്ങുകയും ചെയ്തു. തുക മതിയാകില്ലെന്നതിനാലാണ് ടെൻഡർ നടപടികൾ വൈകുന്നതെന്നാണ് അറിവ്.