play-sharp-fill
ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം

ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ സജി ചെറിയാൻ പ്രതികരിച്ചു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കുപോലും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കുവേണ്ട സഹായങ്ങൾ നൽകാൻ സോഷ്യൽ മീഡിയയും കൈകോർത്തു. മാധ്യമങ്ങൾക്കുപുറമെ വിവരങ്ങൾ സോഷ്യൽ മീഡിയയിലും ആളുകൾ പങ്കുവച്ചു.കാര്യങ്ങൾ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കിൽ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും ചെങ്ങന്നൂരിൽ സംഭവിക്കുക എന്നും സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം നേരിട്ടിറങ്ങണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം, അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരം കാണേണ്ടി വരും എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.