
എ.കെ ശ്രീകുമാർ
കോട്ടയം: റാന്നിയിൽ നിന്നെത്തിയ കുടുംബത്തിനൊപ്പം യാത്ര ചെയ്ത ചെങ്ങളം സ്വദേശികളായ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാറ്റി വച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിലെ കലാപരിപാടികളും പകൽപ്പൂരവും അടക്കമുള്ള ചടങ്ങുകൾ വേണ്ടെന്നു വച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ച് ദേവസ്വം ബോർഡും തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് 14 നാണ് നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാനത്തെമ്പാടും കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചത്. കോട്ടയം ചെങ്ങളത്തും രണ്ടു പേർക്ക് കൊറോണ സ്ഥിരീകിരിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും എത്തിയ റാന്നി സ്വദേശികളായ രണ്ടു പേർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരെ എയർപോർട്ടിൽ നിന്നും കൂട്ടാൻ പോയ രണ്ടംഗ കുടുംബത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് സംസ്ഥാന അതീവ ജാഗ്രതയിൽ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു ഉത്സവങ്ങളും, പള്ളിപ്പെരുന്നാളുകളും പൊതുപരിപാടികളും മാറ്റി വയ്ക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരുനക്കര ക്ഷേത്രോപദേശക സമിതിയും, ദേവസ്വം ബോർഡും ചേർന്നു വിഷയം ചർച്ച ചെയ്തത്. തുടർന്നു, ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിനു പുറത്തേയ്ക്കുള്ള എഴുന്നെള്ളത്തു മുതൽ കലാപരിപാടികൾ വരെ വേണ്ടെന്നു വച്ചിട്ടുണ്ട്.
മാർച്ച് 14 നു ആരംഭിക്കുന്ന ഉത്സവത്തിൽ 20 നാണ് പകൽപ്പൂരം നടക്കുന്നത്. പകൽപ്പൂരം അടക്കം ആളുകൾ ഒത്തു കൂടാൻ സാധ്യതയുള്ള എല്ലാ പരിപാടികളും വേണ്ടെന്നു വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്തരും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു.