നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു: ചേനപ്പാടി പാലത്തിൽ നിന്ന് ആറ്റിലേക്ക് മാലിന്യം തള്ളിയവരെ പിടികൂടി:ശിക്ഷയായി തള്ളിയ മാലിന്യം ആറ്റില്‍ നിന്നു വാരിച്ചു: പിന്നീട് പോലീസിന് കൈമാറി

Spread the love

കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ചേനപ്പാടി കടവനാല്‍ കടവു പാലത്തില്‍ നിന്ന് ആറ്റിലേക്കു അറവുമാലിന്യം തള്ളുന്നതു പതിവായി.
മാലിന്യം തള്ളിയവരെ ഉറക്കമിളച്ചു കാത്തിരുന്നു പിടികൂടി നാട്ടുകാര്‍.

ശിക്ഷയായി തള്ളിയ മാലിന്യം ആറ്റില്‍ നിന്നു വാരിക്കുകയും ചെയ്തു. വേനല്‍ക്കാലമായതിനാല്‍ മണിമലയാറ്റില്‍ ഓഴുക്കില്ലാത്ത അവസ്ഥയാണ്. ഇവിടേക്ക് മാലിന്യം തള്ളിയതോട ജനങ്ങള്‍ ദുരിതത്തിലായി.

മാലിന്യം കിടക്കുന്നതു കാരണം കുളിക്കാന്‍ പോലും ആറ്റിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ, പിന്നെയും രാത്രിയുടെ മറവില്‍ ആളുകള്‍ അറവു മാലിന്യം കടവനാല്‍ കടവ് പാലത്തില്‍ നിന്ന് ആറ്റിലേക്കു തള്ളി.

ഇതോടെ നാട്ടുകാര്‍ ചേര്‍ന്നു ഒരു തീരുമാനം എടുത്തു, മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കണം. ഇതോടെ നാട്ടുകാര്‍ ചേര്‍ന്നു രാത്രി ഉറക്കമൊഴിച്ച്‌ കാത്തിരിക്കാന്‍ തുടങ്ങി. ആദ്യ ദിവസത്തെ നാട്ടുകാരുടെ ശ്രമം ഫലംകണ്ടില്ല.

പക്ഷേ, നാട്ടുകാര്‍ പിന്മാറാന്‍ തയാറായില്ല. പിറ്റേ ദിവസവും നാട്ടുകാര്‍ കാത്തിരുന്നു. നാട്ടുകാരുടെ പ്രതീക്ഷ തെറ്റിയില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ മാലിന്യം തള്ളാന്‍ ആളുകള്‍ എത്തി.

പാലത്തില്‍ വെച്ചു നാട്ടുകാര്‍ ചേര്‍ന്നു ഇവരെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പക്ഷേ, തങ്ങളെ ദുരിതത്തിലാക്കിയവരെ അങ്ങനെ വെറുതേ വിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല.

തള്ളിയ മാലിന്യം മുഴുവന്‍ വാരാന്‍ നിര്‍ദേശിച്ചു. ഇവരെ കൊണ്ട് ആറ്റില്‍ നിന്ന് പരമാവധി മാലിന്യം വാരി എടുപ്പിച്ചു. പിന്നീട് എരുമേലി പോലീസ് എത്തി കേസ് ചാര്‍ജ് ചെയ്ത് ഇവരെ കസ്റ്റഡിയില്‍ എടുത്തു.