
ചേനപ്പാടി നിവാസികളുടെ പ്രാർത്ഥനകൾ വിഫലം ; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൗതമി വേദനകളോടു മല്ലടിച്ച് മരണത്തിന് കീഴടങ്ങി
എരുമേലി: ഐസിയുവിലും വെന്‍റിലേറ്ററിലുമായി രണ്ടു മാസത്തോളം വേദനകളോടു മല്ലടിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൗതമി (ശ്രീക്കുട്ടി -15) മരണത്തിന് കീഴടങ്ങി.
സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്ബുകയം വലിയതറ പ്രവീണിന്‍റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവു പ്രകടിപ്പിച്ചിരുന്ന ഗൗതമി സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് കൂടിയായിരുന്നു.
മൂന്നു മാസം മുമ്ബു പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയതോടെ ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ പരിശോധന നടത്തുകയും ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തത്. ഇതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ഡയാലിസിസ് തുടരുകയും തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത ആശുപത്രികളിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തം ലഭിക്കാൻ പ്രയാസമുള്ള ബി നെഗറ്റീവ് ഗ്രൂപ്പ് ആയിരുന്നു ഗൗതമിയുടേത്. എന്നാല്‍ ദിവസവും ഡയാലിസിസ് നടത്താൻ രക്തം നല്‍കുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരാണ് എത്തിക്കൊണ്ടിരുന്നത്. മന്ത്രി വി.എൻ. വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ ഉള്‍പ്പടെ ആശുപത്രിയില്‍ ബന്ധപ്പെട്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനിടെ കൈകള്‍ക്കും കാലുകള്‍ക്കും ചലനശേഷി കുറഞ്ഞു വരുകയും അണുബാധ കൂടുകയും ഹൃദയാഘാതം നേരിടുകയും ചെയ്തു.
കഴിഞ്ഞ 26 ന് ചേനപ്പാടിയില്‍ വൈകുന്നേരം പൊതു സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങള്‍ കൊളുത്തി ഗൗതമിയുടെ രോഗമുക്തിക്കായി പ്രാർഥനകള്‍ നടത്തിയിരുന്നു. ചികിത്സാ സഹായങ്ങളും ലഭ്യമായിക്കൊണ്ടിരുന്നു. തുടർന്ന് ചികിത്സയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നതോടെ മറ്റ് ആശുപത്രികളിലേക്കു മാറ്റാൻ ആലോചിച്ചിരുന്നു. എന്നാല്‍ ആംബുലൻസില്‍ യാത്ര കഴിയാത്ത നിലയില്‍ ആയതോടെ മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററില്‍ ചികിത്സ തുടരുകയായിരുന്നു. തുടർന്നാണ് ഇന്നലെ മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഏക സഹോദരി ദക്ഷിണ (ഒന്നര വയസ്).