
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്ത് കറി പൗഡറുകളിലെ മായത്തിന് പിന്നാലെ
കുരുമുളകിലും മായമേറുന്നു.
പഞ്ഞിയുടെയും പപ്പായയുടെയും കുരു ശേഖരിച്ച് ഉണക്കിയാണ് കുരുമുളകിനൊപ്പം ചേര്‍ക്കുന്നത്. നിയന്ത്രണമില്ലാത്ത ഇറക്കുമതിയും വിലയിടിവും മൂലം നടുവൊടിഞ്ഞ കര്‍ഷകരെ ഇത് കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മായം ചേര്‍ക്കലിലും കള്ളക്കടത്തിലും ഉത്തരേന്ത്യന്‍ ലോബികളാണ് സജീവം. കുരുമുളകില്‍ കലര്‍ത്തി വില്‍ക്കുന്നതിന് വന്‍തോതില്‍ ശേഖരിച്ച പഞ്ഞി, പപ്പായ കുരു പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്തതോടെയാണ് പിന്നിലുള്ളത് ഉത്തരേന്ത്യന്‍ ലോബിയാണെന്ന് തെളിഞ്ഞത്.
മായം കലര്‍ന്ന കുരുമുളകിനോട് വ്യവസായികള്‍ മുഖം തിരിച്ചത് കേരളത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള കുരുമുളക് കയറ്റുമതിയെ ബാധിച്ചു. കൊച്ചിയില്‍ കയറ്റുമതിക്കായി സൂക്ഷിച്ച 300 കോടിയുടെ മായം ചേര്‍ത്ത കുരുമുളക് സമീപ കാലത്ത് പിടിച്ചെടുത്തിരുന്നു. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് വിലയും ഗുണനിലവാരവും കുറഞ്ഞ കുരുമുളക് വന്‍ തോതില്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ട്.
ഇവയില്‍ മായവും ചേര്‍ത്തുള്ള വില്‍പ്പനയും കയറ്റുമതിയുമാണ് രുചിയും മണവും കൂടുതലുള്ള കേരളത്തിലെ കറുത്ത പൊന്നിനെ ദോഷകരമായി ബാധിക്കുന്നത്.
വ്യാപാരികളും കര്‍ഷക സംഘടനകളും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഉത്തരേന്ത്യന്‍ ലോബിക്കെതിരെ നടപടിയെടുക്കുന്നില്ല. മായം കണ്ടെത്താനുള്ള ചുമതല കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ തല ഊരി.
ഉത്തരേന്ത്യയില്‍ ഉത്സവസീസണ്‍ അടുത്തതും കേരളത്തില്‍ ഓഫ് സീസണും ആയതോടെ കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്ക് ചെയ്തത്. കുരുമുളക് ഉദ്പാദനത്തില്‍ മുന്നിലുള്ള ശ്രീലങ്കയിലെ ആഭ്യന്തര കലാപവും ഡോളര്‍ വിനിമയനിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും മൂലം ഇറക്കുമതി കുറയുകയും വില കുതിച്ചുയരുകയും ചെയ്യേണ്ടതാണ്. എന്നാല്‍ മായം കലര്‍ന്ന കുരുമുളകും കള്ളക്കടത്ത് കുരുമുളകും വിപണിയില്‍ കൂടുതല്‍ എത്തിയാല്‍ ഓഫ് സീസണ്‍ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകും.