
നിർമാതാവിന്‍റെ പേരോ ലേബല്‍ വിവരങ്ങളോ ഇല്ലാതെ വിൽപ്പന; വൻതോതില്‍ മായംചേര്‍ത്ത ചായപ്പൊടി പിടികൂടി സ്പെഷല്‍ സ്ക്വാഡ്; രാസവസ്തുക്കളും പിടിച്ചെടുത്തു; ഗോഡൗണ്‍ സീല്‍ ചെയ്ത് നടപടി
തിരൂർ: മായം ചേർത്ത തേയില വില്‍പ്പന നടത്തുന്നയാളെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടി.
വേങ്ങര കൂരിയാട് സ്വദേശി ചെള്ളിസൂപ്പൻ മുഹമ്മദ് അനസ്സില്‍ നിന്നാണ് 40 കിലോ മായം ചേർത്ത തേയില പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് വാഹനത്തില്‍ വച്ച് പിടികൂടിയത്. വെങ്ങാട്ടുള്ള ആഷിഖ് എന്നയാളുടെ ഗോഡൗണില്‍ നിന്ന് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു.
ഗോഡൗണ്‍ സീല്‍ ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരൂർ, താനൂർ സർക്കിളുകളിലെ തട്ടുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ രാത്രികാല പരിശോധനയില്‍ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമാതാവിന്‍റെ പേരോ ലേബല്‍ വിവരങ്ങളോ ഇല്ലാതെ നിർലോഭം വിറ്റഴിക്കുന്നതായി തിരൂർ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണക്കാരനായ വേങ്ങര സ്വദേശിയിലേക്ക് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയായി മുഹമ്മദ് അനസ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂലൈ മൂന്നിന് ഉച്ചയ്ക്ക് വൈലത്തൂർ ഭാഗങ്ങളില്‍ ചായപ്പൊടി വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പിടിയിലായത്.
തുടർ പരിശോധന നടത്തുന്നതിനായി പിടികൂടിയ തേയിലയുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.