
സ്വന്തം ലേഖകൻ
തൊടുപുഴ: മകന്‍ ഫൈസല്‍ കടയില്‍ വില്‍ക്കാനായി വാങ്ങിയ 35 ലിറ്റര്‍ പെട്രോളില്‍നിന്ന് നാല് ലിറ്ററാണ് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊല്ലാനായി ആലിയക്കുന്നേല്‍ ഹമീദ് (79) കൈക്കലാക്കിയത്. ഇത് 10 കുപ്പികളിലായി നിറച്ച് ആറെണ്ണം ഫൈസലും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് എറിയുകയായിരുന്നു.
സംഭവ നടന്ന ദിവസമാണ് ഫൈസല്‍ 35 ലിറ്റര്‍ പെട്രോള്‍ വാങ്ങിയത്. ഇത് വീടിന് പിന്നിലെ ചായ്പ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച ചീനിക്കുഴിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഹമീദ് ഇക്കാര്യം പൊലീസിനോട് പറഞ്ഞു. ഫൈസല്‍ പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ ക്യാമറാദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിലും ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,20,000 രൂപയും ഇവിടെയുണ്ടായിരുന്നു. അത് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിനുശേഷം ഹമീദ് ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് മകനെയും കുടുംബത്തെയും ചുട്ടുകൊന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഫോണ്‍ റെക്കോഡുകള്‍ നിര്‍ണായക തെളിവായതിനാല്‍ ശാസ്ത്രീയപരിശോധനയ്ക്കായി ഹമീദിന്റെ ശബ്ദസാമ്പിള്‍ പൊലീസ് ശേഖരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ചില വൈരുധ്യങ്ങള്‍ പ്രതിയെ ചോദ്യംചെയ്ത് വ്യക്തത വരുത്തി. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമം.
മാര്‍ച്ച് 18-ന് അര്‍ധരാത്രിയിലാണ് ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവര്‍ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചത്.