
തല ഉയർന്നെങ്കിലും ചെന്നൈ വീണു; കിതച്ചോടിയെത്തിയ ചെന്നൈ എക്‌സ്പ്രസ് ഏഴു റണ്ണകലെ വീണു; തലയുടെ കുട്ടികൾക്ക് ഒടുവിൽ പരാജയം
തേർഡ് ഐ സ്‌പോട്‌സ്
അബുദാബി: അവസാന നിമിഷം പൊരുതി നോക്കിയെങ്കിലും, ചെന്നൈ സൂപ്പർ കിംങ്‌സ് ഏഴു റണ്ണകലെ കാലിടറി വീണു. ഒരു വർഷത്തോളം ക്രിക്കറ്റ് കളത്തിൽ നിന്നും വിട്ടു നിന്ന മഹേന്ദ്രസിംങ് ധോണി എന്ന തല എത്രത്തോളം അവശനാണ് എന്നു കാട്ടിത്തന്ന മത്സരത്തിൽ, ഓരോ റണ്ണിന് ശേഷവും കിതച്ചു നിൽക്കുന്ന ധോണി, ഓരോ ധോണി ആരാധകന്റെയും നെഞ്ചിലെ വേദനയായി മാറി. പഴയ ഫോമിന്റെ അടുത്തെങ്ങും എത്തിയില്ലെങ്കിൽ പോലും പ്രതിഭയുടെ മിന്നലാട്ടം ഇനിയും കൈമോശം വന്നിട്ടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു എം.എസ്.ഡി എന്ന തല..!
രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചെന്നൈ ക്യാമ്ബിൽ പ്രതീക്ഷ നൽകിയെങ്കിലും വിജയം കൈവിടാതെ സൺറൈസേഴ്‌സ് ഹൈദ്രാബാദ്. 19ാം ഓവറിലെ ഭുവനേശ്വർ കുമാറിന്റെ പരിക്ക് സൺറൈസേഴ്‌സിന് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും മികച്ച ഫിറ്റ്‌നെസ്സില്ലാത്ത ധോണിയും ഇന്നിംഗ്‌സിന്റെ അവസാനത്തോടെ ബുദ്ധിമുട്ടിയപ്പോൾ ഏഴ് റൺസിന്റെ വിജയം സൺറൈസേഴ്‌സ് പിടിച്ചെടുത്തു. 20 ഓവറിൽ 157/5 എന്ന സ്‌കോറാണ് ചെന്നൈ നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തോവറിൽ 44 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി മാത്രമാണ് ടോപ് ഓർഡറിൽ അല്പമെങ്കിലും ചെറുത്ത് നില്പ് നടത്തി നോക്കിയത്. 22 റൺസ് നേടിയ താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. പിന്നീട് എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ ചെന്നൈ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു.
42/4 എന്ന നിലയിൽ നിന്ന് 15 ഓവറിൽ 79/4 എന്ന നിലയിലേക്ക് ചെന്നൈയെ ഇവർ എത്തിച്ചു. ഇതോടെ 30 പന്തിൽ നിന്ന് ലക്ഷ്യം 86 റൺസെന്ന നിലയിലേക്ക് നീങ്ങി. 17ാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിന്റെ ആദ്യ മൂന്ന് പന്തുകളിൽ ബൗണ്ടറി നേടുവാൻ ജഡേജയ്ക്ക് സാധിച്ചപ്പോൾ ഓവറിൽ നിന്ന് 15 റൺസ് പിറന്നു. ഇതോടെ ലക്ഷ്യം 18 പന്തിൽ 63 റൺസായി മാറി.
നടരാജന്റെ അടുത്ത ഓവറിൽ ഒരവസരം ജഡേജ നൽകിയെങ്കിലും അതീവ കഠിനമായ അവസരം മനീഷ് പാണ്ടേ കൈവിടുകയും പന്ത് ബൗണ്ടറിയിലേക്കും പോയി. അടുത്ത പന്തിൽ ഡബിൾ ഓടിയ താരം ഓവറിലെ അടുത്ത പന്തിൽ സിക്‌സ് നേടി തന്റെ അർദ്ധ ശതകം പൂർത്തിയാക്കി. 34 പന്തിൽ നിന്നാണ് ജഡേജ തന്റെ അർദ്ധ ശതകം പൂർത്തിയാക്കിയത്.
എന്നാലടുത്ത പന്തിൽ തന്നെ നടരാജൻ ജഡേജയെ അബ്ദുൾ സമാദിന്റെ കൈകളിലെത്തിച്ച് ചെന്നൈയ്ക്ക് തിരിച്ചടി നൽകി. 56 പന്തിൽ നിന്ന് 72 റൺസാണ് ചെന്നൈയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. പിന്നീട് ക്രീസിലെത്തിയ സാം കറൻ സിക്‌സും ഒരു ഡബിളും നേടിയപ്പോൾ ഓവറിൽ നിന്ന് ചെന്നൈ 19 റൺസ് നേടി.
ഇതോടെ ലക്ഷ്യം 12 പന്തിൽ 44 റൺസായി മാറി. 19ാം ഓവർ എറിയാനെത്തിയ ഭുവനേശ്വർ കുമാറിന് ഒരു ബോളിന് ശേഷം പരിക്കേറ്റ് പിന്മാറേണ്ടി വന്നതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഓവർ പൂർത്തിയാക്കുവാനെത്തിയ ഖലീൽ അഹമ്മദിന്റെ അടുത്ത പന്തിൽ സമാദ് മിസ് ഫീൽഡിലൂടെ പന്ത് ബൗണ്ടറിയിലേക്ക് നയിച്ചു. ഖലീലിന്റെ അവസാന രണ്ട് പന്തിൽ നിന്ന് ധോണി ഒരു സിക്‌സും ഒരു സിംഗിളും നേടിയപ്പോൾ ഓവറിൽ നിന്ന് 16 റൺസും അവസാന ഓവറിലെ ലക്ഷ്യം 28 റൺസുമായി മാറി.
അവസാന ഓവർ എറിയുവാനെത്തിയ അബ്ദുൾ സമാദ് എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയി ബൗണ്ടറി പോയപ്പോൾ ലക്ഷ്യം ആറ് പന്തിൽ നിന്ന് 23 റൺസായി മാറി. അടുത്ത പന്തിൽ ഡബിൾ നേടിയ ധോണി രണ്ടാം പന്തിൽ ബൗണ്ടറി നേടി. അടുത്ത പന്തിൽ ധോണിയ്ക്ക് സിംഗിൾ മാത്രം നേടാനായപ്പോൾ സാം കറനും വലിയ ഷോട്ടുകൾ നേടുവാനാകാതെ പോയപ്പോൾ 7 റൺസ് വിജയം സൺറൈസേഴ്‌സിന് ലഭിച്ചു.