തുടരൻ അഞ്ചു തോൽവിക്ക് ശേഷം ചെന്നൈയിൽ ഡൽഹിയുടെ മറുപടി: മുംബൈയെ തകർത്ത് ഡൽഹിയ്ക്ക് ഐപിഎല്ലിലെ ഉജ്വല വിജയം; ചെറിയ സ്‌കോർ പ്രതിരോധിക്കാനിറങ്ങിയ മുംബൈ ഡൽഹിയെ അവസാന ഓവർ വരെ തടഞ്ഞു നിർത്തി
തേർഡ് ഐ ബ്യൂറോ
ചെന്നൈ: കഴിഞ്ഞ രണ്ടു കളികളിലും ചെറിയ സ്‌കോർ പ്രതിരോധിച്ചു വിജയിച്ച മുംബൈ ബൗളിംങ് നിരയക്കു പക്ഷേ, ഡൽഹിയ്ക്കു മുന്നിൽ ട്രാക്ക് തെറ്റി. അവസാന ഓവർ വരെ കളി നീട്ടാനായെങ്കിലും അഞ്ചു പന്തു ബാക്കി നിൽക്കെ പന്തും കൂട്ടരും വിജയം പിടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ തുടർച്ചയായി അഞ്ചു പരാജയമെന്ന ഡൽഹിയുടെ റെക്കോർഡ് തോൽവിയ്ക്കും അവസാനമായി.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ ഡൽഹി മറികടന്നു. 42 പന്തിൽ 45 റണ്ണെടുത്ത ശിഖർ ധവാന്റെ ഇന്നിംങ്‌സാണ് ഡൽഹിയ്ക്കു വിജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ധവാനൊപ്പം ഒത്തു ചേർന്നു 29 പന്തിൽ 33 റണ്ണെടുത്ത സ്റ്റീവ് സ്മിത്തും വിജയത്തിന് അടിത്തറ പാകി. 25 പന്തിൽ 22 റണ്ണെടുത്ത് ലളിത് യാദവും, ഒൻപത് പന്തിൽ 14 റണ്ണെടുത്ത് ഷിമ്മ്‌റോൺ ഹിറ്റ്‌മെയറും കളി ഡൽഹിയുടെ കളത്തിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരുകേട്ട മുംബൈ ബൗളിംങ് നിരയ്ക്കു പക്ഷേ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ബൗളിംങിനെ അനുകൂലിക്കുന്ന പിച്ചിൽ കരുതിക്കളിച്ച ഡൽഹിയുടെ ബാറ്റിംങ് നിര തന്നെയാണ് വിജയം സമ്മാനിച്ചത്. നേരത്തെ 44 റൺസ് നേടിയ രോഹിത് ശർമയുടെ ഇന്നിങ്‌സാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. നാല് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് വലിയ സ്‌കോറിലേക്ക് പോവുകയായിരുന്ന മുംബൈയെ നിയന്ത്രിച്ചത്. 24 റൺസ് മാത്രമാണ് മിശ്ര വഴങ്ങിയത്.
മൂന്നാം ഓവറിൽ തന്നെ മുംബൈക്ക് ഡി കോക്കിനെ നഷ്ടമായി. സ്റ്റോയിനിസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകുകയായിരുന്നു സ്റ്റോയിനിസ്. എന്നാൽ സൂര്യകുമാർ ക്രീസിലെത്തിയതോടെ റൺനിരക്ക് ഉയർന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു. 15 പന്തുകൾ മാത്രം നേരിട്ട സൂര്യകുമാർ നാല് ബൗണ്ടറികളുടെ സഹായത്തോടെ 24 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സൂര്യകുമാറിന പുറത്താക്കി ആവേഷ് ഖാൻ ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി.
മിശ്ര പന്തെറിയാനെത്തിയതോടെ മുംബൈ തകർന്നു. മധ്യനിരയെ തകർത്ത് മിശ്രമയുടെ മാരക ബൗളിങ്ങായിരുന്നു. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ (0), കീറൺ പൊള്ളാർഡ് (2), ഇഷാൻ കിഷൻ (26) എന്നിവരെയാണ് മിശ്ര പുറത്താക്കിയത്. ആവേഷ് മറ്റൊരു വിക്കറ്റ് കൂടെ സ്വന്തമാക്കി. രാഹുലിനെയാണ് ആവേഷ് മടക്കിയത്. കഗിസോ റബാദ, ലളിത് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. ജയന്ത് യാദവ് (23) ഇഷാൻ സഖ്യം പിടിച്ചുനിന്നപ്പോഴാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ കിട്ടിയത്. ജസ്പ്രീത് ബുമ്ര (3), ട്രന്റ് ബോൾ്ട്ട് (1) എന്നിവർ പുറത്താവാതെ നിന്നു.