100 രൂപ വരുമാനമുള്ള അംഗപരിമിതനായ അത്തറുകച്ചവടക്കാരനു രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞു
സ്വന്തംലേഖകൻ
കോട്ടയം : അംഗപരിമിതനായ അത്തറ് കച്ചവടക്കാരനെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കബളിപ്പിച്ചു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് തട്ടാമല സ്വദേശിയായ അബ്ദുൽ കുഞ്ഞിയുടെ തീരുമാനം. പതിറ്റാണ്ടുകളായി അത്തറ് കച്ചവടമാണ് അംഗപരിമിതനായ അബ്ദുല്‍ കുഞ്ഞിക്ക്. ഇങ്ങനെയൊരു ദുരനുഭവം ജീവിതില്‍ ആദ്യം. മൂന്നൂറു രൂപയുടെ അത്തറ് വാങ്ങിയ ഒരു യുവാവ് നല്‍കിയത് രണ്ടായിരം രൂപയുടെ വ്യാജനോട്ട്. ബാക്കി തുകയായ ആയിരത്തിയെഴുന്നൂറ് രൂപ വാങ്ങി യുവാവ് വേഗത്തില്‍ സ്ഥലം കാലിയാക്കിയതോടെ സംശയം തോന്നിയ അബ്ദുല്‍ കുഞ്ഞി നോട്ട് പരിശോധിച്ചപ്പോഴാണ് അമളി മനസിലായത്.ശാരീരിക വെല്ലുവിളിയുള്ള ഈ എഴുപത്തിനാലുകാരനെ കബിളിപ്പിച്ചു കടന്ന യുവാവ് ഈ വാര്‍ത്ത കാണുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി അറിയണം. നിങ്ങള്‍ കബിളിപ്പിച്ച ഈ അത്താഴപട്ടിണിക്കാരന്റെ വരുമാനം ദിവസം നൂറു രൂപ മാത്രമാണ്.