ക്രൈം ഡെസ്‌ക്
കോട്ടയം: ഒരു ദിവസം മുഴുവൻ ലോഡ്ജിനുള്ളിൽ കഴിഞ്ഞ ശേഷം മടങ്ങാൻ നേരമുണ്ടായ വഴക്കിനെ തുടർന്ന് കാമുകൻ ഫാനിൽകെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ടു നിന്ന കാമുകി സാഹസികമായി കാമുകനെ രക്ഷിച്ച് ആശുപത്രിയിലാക്കിയ ശേഷം, ഭർത്താവിനെ വിളിച്ചു വരുത്തി മുങ്ങി. കാമുകന്റെ സ്ഥിതിയറിയിക്കാൻ ആശുപത്രിയിൽ നിന്നും പൊലീസിൽ നിന്നും മാറി മാറി വിളിച്ചിട്ടും കാമുകിയുടെ അനക്കമില്ല. അയർക്കുന്നം സ്വദേശിയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ലിജു (കുമാർ – 35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകട നില തരണം ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ഒന്നിച്ചുണ്ടായിരുന്ന കാമുകനും കാമുകിയുമാണ് വൈകിട്ട് ഉടക്കിലാകുകയും, കാമുകൻ ഫാനിൽ കെട്ടിത്തുങ്ങുകയും ചെയ്തത്. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാമുകൻ ക്ഷണിച്ചത് അനുസരിച്ചാണ് രാവിലെ 11 മണിയോടെ കടുവാക്കുളം സ്വദേശിയായ കാമുകി ലോഡ്ജിൽ എത്തിയത്. ഇരുവരും തമ്മിൽ സംസാരിച്ചിരുന്ന വൈകിട്ട് അഞ്ചു മണിയായി. കാമുകി വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞ് ലോഡ്ജിൽ നിന്നും പുറത്തിറങ്ങാൻ ഒരുങ്ങി. ഈ സമയം കാമുകൻ ബെഡ്ഷീറ്റ് എടുത്ത് ഫാനിൽക്കെട്ടിയ ശേഷം തൂങ്ങാൻ ഒരുങ്ങി. ആദ്യം തമാശാകുമെന്ന് കരുതിയ കാമുകി മൈൻഡ് ചെയ്തില്ല. കഴുത്തിൽ കുടുക്കിട്ട് ഫാനിൽ കിടന്ന് കാമുകൻ പിടയുന്നത് കണ്ടതോടെ ഓടിയെത്തിയ കാമുകി ഇയാളുടെ കാലിൽ പിടിച്ച് ഉയർത്തി. തുടർന്ന് ഇവർ ഉറക്കെ നിലവിളിച്ചു. ഈ സമയം ലോഡ്ജിലെ മറ്റ് താമസക്കാർ ഓടിയെത്തി. വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ ഇവർ ജീവനക്കാരെ വിളിച്ചു വരുത്തി. ഉടൻ തന്നെ കാമുകനെയും കാമുകിയെയും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. കാമുകന്റെ വിലാസവും ഫോൺ നമ്പരും അത്യാഹിത വിഭാഗത്തിൽ എഴുതി നൽകിയ കാമുകി ഭർത്താവിനെ വിളിച്ചു വരുത്തി ഉടൻ തന്നെ മുങ്ങി. പരിക്കേറ്റ യുവാവിനെ വാർഡിലേയ്ക്ക് വ്യാഴാഴ്ച ഉച്ചയോടെ മാറ്റി. എന്നാൽ, ഇയാളെ തിരക്കി ബന്ധുക്കൾ ആരും തന്നെ എത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.