
സ്വന്തം ലേഖകൻ
കോട്ടയം: പ്രചാരണവഴികളിൽ പുഞ്ചിരി തൂകി ആവേശം നിറച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ മുന്നേറ്റം. ജനകീയ പിൻതുണ ഇക്കുറിയും രണ്ടിലയ്ക്ക് തന്നെയെന്ന് ഉറപ്പിച്ച് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും വീട്ടമ്മമാരും അടക്കം നൂറ് കണക്കിന് ആളുകളാണ് കാത്തു നിൽക്കുന്നത്. മാലയിട്ടും മുദ്രാവാക്യം മുഴക്കിയും സ്ഥാനാർത്ഥിക്ക് ആവേശ സ്വീകരണമാണ് ഒരുക്കി നൽകുന്നത്.
വെള്ളിയാഴ്ച പാലാ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സ്ഥാനാർത്ഥിക്ക് പ്രചാരണ പ്രവർത്തനങ്ങൾ. പാലായിലെ കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കം. തുടർന്ന് കൊല്ലപ്പള്ളി , രാമപുരം , തിടനാട് , മേലുകാവ് മറ്റം എന്നിവിടങ്ങളിലായിരുന്നു പ്രചാരണം. ഓരോ പ്രദേശങ്ങളിലും യുവാക്കളും യുവതികളും വീട്ടമ്മമാരും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത് ആവേശമായി. തുടർന്ന് കോട്ടയം നഗരത്തിൽ എത്തിയ സ്ഥാനാർത്ഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന കൺവൻഷനിൽ പങ്കെടുത്തു. ഇവിടെ നിന്ന് ഏറ്റുമാനൂർ മണ്ഡലം കൺവൻഷനിൽ ജനപ്രതിനിധികൾക്കൊപ്പം സ്ഥാനാർത്ഥിയും പങ്കെടുത്തു. തുടർന്ന് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തെക്കും ഗോപുരം പൗരസമിതി സംഘടിപ്പിച്ച ദേശവിളക്കിലും , തുടർന്ന് നടന്ന വലിയ വിളക്കിലും പങ്കെടുത്തു. തുടർന്ന് പാർട്ടി ഓഫിസിൽ നടന്ന വിവിധ ആലോചനാ യോഗങ്ങളിലും ചർച്ചകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പ്രചാരണം നടത്തും. ആരാധനാലയങ്ങൾ, ഓഫിസുകൾ , ഫാക്ടറികൾ , വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്