
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഡിലേക്ക്. സഹോദരനും എം എൽ എ റോജി എം ജോണുമാണ് ഛത്തീസ്ഗഡിലേക്ക് തിരിച്ചത്. സർക്കാരിൽ നിന്ന് അടക്കം എല്ലാവരിൽ നിന്നും ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും പെൺകുട്ടികളുടെ വെളിപ്പെടുത്തൽ പുറത്തുവന്നത് ആശ്വാസകരമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി പ്രതികരിച്ചു. പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സഹോദരി മഞ്ജു പറഞ്ഞു.
വിഷയം ഇന്നും പാർലമെൻ്റിലുന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഢിൽ എത്തി. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്. കോൺഗ്രസും സി പിഎമ്മും ഇരുസഭകളിലും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ചർച്ചയില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. അതേ സമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വളരെ നേരത്തെ നിഗമനത്തിൽ എത്തി എന്ന് എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ബിജെപിയുടെ അജണ്ടയാണ്. കന്യാസ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലേ എന്ന് ഫ്രാൻസിസ് ജോർജ് ചോദിച്ചു.
നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കാൻ ആകുമെന്നും കരുതുന്നതായി സിസ്റ്റർ പ്രീതിയുടെ ഇടവക വികാരി ഫാദർ ജോൺ പൈനുങ്കൽ പ്രതികരിച്ചു. ആദ്യ മൊഴിയിൽ ഉറച്ചുനിൽക്കാൻ പെൺകുട്ടികൾക്ക് കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ബിഹാർ വോട്ടർപട്ടിക പരിഷ്ക്കരണത്തിലും പ്രതിഷേധിക്കും. കേരള ബിജെപി പ്രതിനിധി അനൂപ് ആൻ്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തി. അൽപ സമയത്തിനകം വിജയ് ശർമയ്ക്ക് ഒപ്പം മാധ്യമങ്ങളെ കാണും. ഛത്തീസ്ഗഡ് സർക്കാരിൻ്റെ നിലപാട് ഉപമുഖ്യമന്ത്രി വിശദീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group