
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് രംഗമാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

സിനിമയിൽ റോഷനും സ്വാസികയ്ക്കും പുറമെ അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും മുഖ്യവേഷങ്ങളെ അവതരിപ്പിക്കുന്നു. 2019ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ വിനോയ് തോമസാണ് സിദ്ധാർഥ് ഭരതനൊപ്പം ചതുരത്തിന്റെ രചനയിൽ പങ്കാളിയായിട്ടുള്ളത്.

ഈ വർഷമാദ്യം തന്നെ സിനിമയുടെ സർട്ടിഫിക്കേഷൻ പൂർത്തിയായിരുന്നു. ‘സെൻസർ കഴിഞ്ഞു. ഒരു ശുദ്ധ A പടം,’എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ് ഭരതൻ ചതുരത്തിന് എ സർട്ടിഫിക്കേറ്റ് ലഭിച്ച വിവരം അന്ന് പങ്കുവച്ചത്. കൂടാതെ, പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി തയ്യാറാക്കിയ സിനിമയുടെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ പ്രദീഷ് എം. വർമയാണ്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നു. അഖിൽ രാജ് ചിറയിൽ ആണ് ചതുരത്തിന്റെ കലാ സംവിധായകൻ. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.



