രണ്ടാം മോദി സർക്കാരിന്റെ ചരിത്ര നീക്കത്തെ പിന്തുണച്ച് മായാവതിയും കേജ്‌രിവാളും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ബി.ജെ.പി ഭരണഘടനയെ കൊലചെയ്തുവെന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത അദ്ധ്യായമാണിതെന്ന് കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആരോപിച്ചു. എന്നാൽ ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും എക്കാലത്തും വിമർശിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മായാവതിയുടെ ബി.എസ്.പിയും പിന്തുണയ്ക്കുകയാണ് ചെയ്തത്.
രണ്ടാം മോദി സർക്കാരിന്റെ ഈ നീക്കത്തെ പിന്തുണയ്ക്കുന്നെന്നും ഇതോടെ കാശ്മീരിലും മേഖലയിലും സുരക്ഷയും സമാധാനവും വികസനവും എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിനുള്ള തീരുമാനത്തെ പിന്തുണക്കുന്നെന്നാണ് ബി.എസ്.പി അറിയിച്ചത്. എല്ലാ പിന്തുണയും നൽകുന്നുവെന്ന് ബി.എസ്.പി എം.പി സതീഷ് മിശ്ര പറഞ്ഞു. ബിൽ പാസാകണം. ആർട്ടിക്കിൾ 370നെയും 35എയേയും തങ്ങളുടെ പാർട്ടി എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകൂടാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന എം.പി സഞ്ജയ് റാവത്ത്, അണ്ണാ ഡി.എം.കെ എന്നിവരും രണ്ടാം മോദി സർക്കാരിന്റെ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. സർക്കാരിന്റെ ധീരമായ ചുവടുവയ്പിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ആർ.എസ്.എസ് അറിയിച്ചത്. ജമ്മു കാശ്മീരിനും രാജ്യത്തിന് ആകമാനവും അത്യന്താപേക്ഷിതമാണിത്. സ്വാർത്ഥതയും രാഷ്ട്രീയ ഭിന്നതയും മറന്ന് എല്ലാവരും ഈ നീക്കത്തെ സ്വാഗതം ചെയ്യണമെന്നും ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
അതേസമയം, ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ രാജ്യസഭയിൽ വൻപ്രതിഷേധാണ് അരങ്ങേറുന്നത്. കാശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് പി.ഡി.പി അംഗങ്ങൾ സഭയിൽ ഭരണഘടന വലിച്ചുകീറി എറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ സഭയിൽ നിന്ന് അദ്ധ്യക്ഷൻ പുറത്താക്കുകയും ചെയ്തിരുന്നു.