ചെന്നൈയ്ക്ക് പുറത്ത് 3.28 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകൾ ; ജസ്റ്റിസ് താഹിൽ രമണിയ്‌ക്കെതിരെ സിബിഐ അന്വേഷണം
സ്വന്തം ലേഖിക
ചെന്നൈ: രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹിൽരമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. താഹിൽ രമണി നടത്തിയ പണമിടപാടുകളും ബാങ്ക് രേഖകളും സി.ബി.ഐ പരിശോധിക്കും. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ 3.28 കോടി രൂപയ്ക്ക് രണ്ട് ആഡംബര ഫ്ളാറ്റുകൾ താഹിൽരമണി സ്വന്തമാക്കിയതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം തങ്ങളുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്റെ ആവശ്യത്തിനായി മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് 1.62 കോടി രൂപ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു.
ഇതുകൂടാതെ ഇവർ 1.56 കോടി രൂപ ഫ്‌ലാറ്റ് വാങ്ങുന്നതിനായി താഹിൽരമണി അടച്ചിരുന്നു. ഇത്തരത്തിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ താഹിൽരമണിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമാണ് ഇതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ താഹിൽരമണിക്കും അവരുടെ ബന്ധുക്കൾക്കും തമിഴ്നാട് നിയമസഭയിലെ മന്ത്രിമാരുമായി അടുപ്പം ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട് . കേസുകൾ സംബന്ധിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിന് പ്രതിഫലമായാണോ താഹിൽ രമണിക്ക് ഈ സ്വത്തുവഹകൾ നേടാനായത് എന്ന് സി.ബി.ഐ അന്വേഷിക്കും. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയതിനാലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണി രാജി വയ്ക്കാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group