
കോട്ടയം: ചങ്ങനാശ്ശേരി ഫ്ലൈഓവറിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനു സമീപം നടന്ന പൊതുസമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലാത്ര – ളായിക്കാട് ബൈപാസ് തെങ്ങണ റോഡുമായി ചേരുന്നിടത്താണ് ഫ്ലൈ ഓവർ നിർമിക്കുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മുഖേനയാണ് നിർമാണം നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഫ്ബി ഫണ്ടിൽ നിന്ന് 85.68 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. നിർമാണത്തിനായി 13.14 കോടി രൂപ ചെലവിൽ 34.71 ആർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്തു.
രണ്ടുവരി ഗതാഗതത്തിന്
അനുയോജ്യമായ രീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 1060 മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് നിർമാണം.
35 മീറ്റർ നീളത്തിൽ 18 സ്പാനുകളിലായി 630 മീറ്റർ പാലവും കോട്ടയം ഭാഗത്തേക്ക് 290 മീറ്റർ അപ്രോച്ച് റോഡും തിരുവനന്തപുരം ഭാഗത്തേക്ക് 140 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടെയാണ് നിർമിക്കുന്നത്.
മേൽപ്പാലത്തിനു പുറമേ ഇരുവശത്തും ഓടയോടു കൂടിയ സർവ്വീസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്.
ഫ്ലൈഓവർ യാഥാർഥ്യമാകുന്നതോടെ ചങ്ങനാശ്ശേരി ബൈപ്പാസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് എം. എൻ. മുരളീധരൻ നായർ, ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലർമാരായ പി.എ. നസീർ, അജിത സലാം, ചാൾസ് മാത്യു പാലാത്ര, ആർ.ബി.ഡി.സി.കെ മാനേജർ അരുൺ ലാൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഡി.സുഗതൻ, അഡ്വ.കെ. രാധാകൃഷ്ണൻ, പി.എം. കബീർ, ബോബൻ കോയിപ്പള്ളി, പി. എ. മൻസൂർ, നവാസ് ചുടുകാട്, പി.ആർ. ഗോപാലകൃഷ്ണപിള്ള,ജെയിംസ് കാലാവടക്കൻ, പ്രേംചന്ദ് മാവേലി എന്നിവർ പങ്കെടുത്തു.



