ചങ്ങനാശേരി: പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനായി ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ച സാഹചര്യത്തില്‍ യാത്രക്കാരെ സഹായിക്കുന്നതിനായി കെഎസ്‌ആര്‍ടിസി, മുനിസിപ്പല്‍ ഓഫീസ് ജംഗ്ഷനുകളിലെ സ്റ്റോപ്പുകളില്‍ കെഎസ്‌ആര്‍ടിസി നിയോഗിച്ചിരുന്ന ജീവനക്കാരെ പൊടുന്നനെ പിന്‍വലിച്ചു.
കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസില്‍നിന്നുള്ള ഉത്തരവിനെ തുടര്‍ന്നാണ് യാത്രക്കാരെ സഹായിക്കാന്‍ ബസ് സ്റ്റോപ്പുകളില്‍ നിയോഗിച്ചിരുന്ന ജീവനക്കാരെ പിന്‍വലിച്ചത്.
ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍മാണത്തിനായി കെഎസ്‌ആര്‍ടിസി ഡിപ്പോ അടയ്ക്കുന്നതിനു മുന്നൊരുക്കമായി ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍, കെഎസ്‌ആര്‍ടിസി ഡിപ്പോ അധികൃതര്‍, പോലീസ് അധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ രണ്ട് സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ ആരംഭിക്കാന്‍ ധാരണയായത്.
അന്നത്തെ തീരുമാനപ്രകാരമാണ് ഈ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റിവിടുന്നതിനും വേണ്ടി രണ്ടു ഡ്യൂട്ടികളിലായി കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ നാലു ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചത്. കഴിഞ്ഞ ഒന്നരമാസക്കാലമായി ഈ ജീവനക്കാരുടെ സേവനം യാത്രക്കാര്‍ക്ക് ഏറെ സഹായകമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെയിരിക്കെ, കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി തിരുവനന്തപുരം ചീഫ് ഓഫീസില്‍നിന്ന് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ക്ക് ലഭിച്ച ഉത്തരവു പ്രകാരമാണ് ബസ് സ്റ്റോപ്പുകളില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ സേവനം നിര്‍ത്തലാക്കിയത്. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെയുള്ള സമയത്താണ് ഈ രണ്ട് ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാരുടെ സഹായത്തിനായി ഡിപ്പോയിലെ നാലു ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നത്.
റോഡില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സേവനം വേണ്ടെന്നും ഈ ഡ്യൂട്ടി പോലീസ് ചെയ്യട്ടെയെന്നുമാണ് കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന്‍റെ നിര്‍ദേശം. സ്‌കൂള്‍വര്‍ഷം ആരംഭിക്കുമ്ബോള്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാനിടയുള്ളപ്പോഴാണ് ബസ് സ്റ്റോപ്പുകളില്‍ നിയോഗിച്ചിരുന്ന ജീവനക്കാരെ പിന്‍വലിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇവര്‍ക്ക് പുനര്‍നിയമനം നല്‍കുകയോ അല്ലാത്തപക്ഷം ഈ രണ്ടു കേന്ദ്രങ്ങളിലും ആവശ്യത്തിനു പോലീസുകാരെ നിയമിക്കുകയോ വേണമെന്ന നിര്‍ദേശമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്നത്.