
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം : ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗർ ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ( കൂരോപ്പട എസ്.എൻ പുരം ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത്.ഡി (28) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകുന്നേരത്തോടുകൂടി വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി സ്വർണ്ണമാണെന്ന വ്യാജേനെ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 ഗ്രാം തൂക്കമുള്ള സ്വർണ്ണം പൂശിയ കമ്പിവള നൽകിയാണ് 31,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയും കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ അജ്മൽ ഹുസൈൻ, സി.പി.ഓ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിൽജിത്തിന് കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം,ആലപ്പുഴ, മുഹമ്മ, കിഴ് വായ്പൂർ എന്നീ സ്റ്റേഷനുകളിൽ സമാനമായ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.