സാധനങ്ങൾ ബില്ലിൽ ചേർക്കാതെ വിൽപ്പന നടത്തി; തുക കുറച്ചു കാണിച്ച് വ്യാജ രേഖകൾ ഉണ്ടാക്കി; ഗൂഗിൾ പേ വഴിയും വൻ തട്ടിപ്പ്; കോട്ടയത്ത് സ്വകാര്യ ബേക്കറിയിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് പ്രമുഖ ബേക്കറിയിൽ നിന്നും വിൽപ്പന തുകയിലെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ, ചീരംഞ്ചിറ, ഈരയിൽ വീട്ടിൽ വർഗ്ഗീസ് സെബാസ്റ്റ്യൻ മകൻ മേബിൾ വർഗീസ് (27) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചിൽ ഷോപ്പ് മാനേജർ ആയി ജോലി ചെയ്തിരുന്ന 2021 മുതൽ 2022 കാലയളവിൽ ബേക്കറി സാധനങ്ങൾ ബില്ലിൽ ചേർക്കാതെ വിൽപ്പന നടത്തിയും, തുക കുറച്ചു കാണിച്ച് കളവായി രേഖകൾ ഉണ്ടാക്കിയും, കൂടാതെ കസ്റ്റമർ സാധനം വാങ്ങിക്കുന്ന വകയിൽ നൽകേണ്ട പണം കമ്പനിയുടെ ഗൂഗിൾ പേ അക്കൗണ്ട് മറച്ചുവെച്ച് തന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തെടുത്ത് ഉടമയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു.

ബേക്കറി ഉടമയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാൾ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സജി എം പി, അൻസാരി പി എസ്, സി.പി.ഓ മാരായ ഗ്രേസ് മത്തായി, അനൂപ് വിശ്വനാഥ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.