
ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകം; കാവുംഭാഗം തോട്ടില്‍ മുങ്ങിത്തപ്പി; ബിന്ദുകുമാറിന്റെ മൊബൈല്‍ ഫോണും പഴ്സും കണ്ടെത്താനായില്ല; പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
സ്വന്തം ലേഖിക
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതക കേസിലെ മൂന്നുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ ബിന്ദുമോന് (ബിന്ദുകുമാര്‍- 45)നെ വിളിച്ചുവരുത്തി മദ്യം കൊടുത്തു ലഹരിയിലാക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആലപ്പുഴ സ്വദേശിയും ചങ്ങനാശേരി പാറയ്ക്കല്‍ പാലത്തിനടുത്ത് വാടകത്താമസക്കാരനുമായ മുത്തുകുമാര്‍ (55), കോട്ടയം വിജയപുരം ചെമ്മരത്തുപള്ളി പുളിമൂട്ടില്‍ വിപിന്‍ ബൈജു (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിനുശേഷം ബിന്ദുകുമാറിന്റെ പഴ്സും മൊബൈല്‍ ഫോണും എറിഞ്ഞുകളഞ്ഞ കാവുംഭാഗം അമ്പിളിപ്പാലം ഭാഗത്തുള്ള വെള്ളക്കെട്ടില്‍ ഇന്നലെ രാവിലെ പ്രതികളുമായെത്തി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുങ്ങലിനു പ്രാവീണ്യം ലഭിച്ചവരെക്കാണ്ടാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
ചങ്ങനാശേരി പോലീസ് എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെരച്ചില്‍ നടത്തിയത്.
ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയില്‍ ലഭിച്ച ഇവരെ കൊലപാതക കൃത്യവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. ബിന്ദുകുമാറിന്റെ മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച കരണ്ടി വാങ്ങിയ ചങ്ങനാശേരിയിലെ കടയിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
ബിന്ദുകുമാറിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ചങ്ങനാശേരി പാറയ്ക്കല്‍ ഭാഗത്തുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പുകള്‍ നടത്തി. പ്രതികളെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും.