
ചങ്ങനാശേരി: കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തിന് മത്സരിച്ച് കഞ്ചാവ് വലിച്ച കൗമാരക്കാരുടെ സംഘത്തെ എക്‌സൈസ് പിടികൂടി.
ചങ്ങനാശേരിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലസ് വണ്‍ വിദ്യാർത്ഥിയും അടങ്ങുന്ന ആറംഗ സംഘം പിടിയിലായത്. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രമാണ് 18 വയസ് തികഞ്ഞത്.
കൂട്ടുകാരന്റെ പിറന്നാളിന് കേക്കിന് പകരമാണ് വിദ്യാർത്ഥികള്‍ കഞ്ചാവ് വലിച്ച് ആഘോഷിച്ചത്. കപ്ലങ്ങാ ചെടിയുടെ (പപ്പായ) തണ്ടും പ്ലാസ്‌റ്റിക് ബോട്ടിലും എം സീല്‍ ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചാണ് വിദ്യാർത്ഥികള്‍ കഞ്ചാവ് വലിക്കുന്നതിനുള്ള ബോങ് തയ്യാറാക്കിയത്. ഇതില്‍ കഞ്ചാവ് നിറച്ച് മാറി മാറി വലിക്കുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്.
ശനിയാഴ്‌ച എസി റോഡില്‍ ഒഴിഞ്ഞ തുരുത്തില്‍ നിന്നാണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഒഴിഞ്ഞ തുരുത്തിലേക്ക് യൂണിഫോം ധരിച്ച വിദ്യാർത്ഥികള്‍ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് എക്‌സൈസിനെ വിവരം അറിയിച്ചത്. മഫ്‌തിയിലെത്തിയ ചങ്ങനാശേരി എക്‌സൈസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ വളയുകയായിരുന്നു. നാലു പേരെ പിടികൂടിയെങ്കിലും രണ്ട് പേർ ഓടിരക്ഷപ്പെട്ടു. വിദ്യാർത്ഥികളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വീണ് പരിക്കേറ്റ ഉദ്യോഗസ്ഥനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ വിദ്യാർത്ഥികളുടെ കൈയില്‍ നിന്ന് ഒരു പായ്‌ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. പ്രതികള്‍ക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ ഇവരെ കൗണ്‍സിലിംഗിന് അയയ്‌ക്കും. ഓടി രക്ഷപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. മാതാപിതാക്കളുമായി ഹാജരാകാൻ നിർദേശം നല്‍കി.
എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറേോ ഇൻസ്‌പെക്‌ടർ ജി കിഷോർ, ഉദ്യോഗസ്ഥരായ ആന്റണി മാത്യു, ആന്റണി സേവ്യർ, ഉണ്ണികൃഷ്‌ണൻ, ഷിജു, സജില്‍, രതീഷ്, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു




