play-sharp-fill
റിപ്പോർട്ടറിന് തിരിച്ചടി, ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനത്ത് 24 ന്യൂസ് ; റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിൽ മനോരമയും മാതൃഭുമിയും നാലും അഞ്ചും സ്ഥാനത്ത്  ; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്ത് ; ചൂടേറിയ ചർച്ചകളും വിവാദങ്ങളുമായി കേരളത്തിൽ വീണ്ടും കടുത്ത ചാനൽ പോരാട്ടം

റിപ്പോർട്ടറിന് തിരിച്ചടി, ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനത്ത് 24 ന്യൂസ് ; റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിൽ മനോരമയും മാതൃഭുമിയും നാലും അഞ്ചും സ്ഥാനത്ത് ; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്ത് ; ചൂടേറിയ ചർച്ചകളും വിവാദങ്ങളുമായി കേരളത്തിൽ വീണ്ടും കടുത്ത ചാനൽ പോരാട്ടം

സ്വന്തം ലേഖകൻ

മലയാള വാര്‍ത്താ ചാനലുകളിലെ മുടിചൂടാമന്നൻ ആയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനം 24 ന്യൂസിന്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടറിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കടുത്ത മത്സരത്തിലൂടെ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. 24 ന്യൂസുമായി ഏതാനും പോയിന്റ് വ്യത്യാസം മാത്രമുള്ളത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഏഷ്യാനെറ്റ്.


കഴിഞ്ഞ 25 വര്‍ഷമായി മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്‍തളളിയെന്നത് 24 ന്യൂസിന്റെ വലിയ നേട്ടമാണ്. ആദ്യമായി ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. 24 ന്യൂസിന്റെ നേട്ടം പടിപടിയായിട്ട് ആയിരുന്നെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് എത്തിയത് വലിയ കുതിപ്പിലൂടെ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരമ, മാതൃഭൂമി തുടങ്ങിയ വമ്ബന്‍ പത്രങ്ങളുടെ പിന്‍ബലമുള്ള ചാനലുകള്‍ റേറ്റിംഗില്‍ ദയനീയമായ പതനത്തിലേക്കാണ് വീണത്. ഈ ആഴ്ചയിലും മനോരമ, മാതൃഭൂമി ചാനലുകള്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറ്റാണ്ടിന്റെ പാരമ്ബര്യമുള്ള ഈ രണ്ട് മാധ്യമ സ്ഥാപനങ്ങളുടെ ടിവി ചാനലുകള്‍ റേറ്റിംഗില്‍ പരമ ദയനീയ പ്രകടനം തുടരുകയാണ്.

എല്ലാ വ്യാഴാഴ്ചയുമാണ് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റ (Broadcast Audience Research Council – BARC) റേറ്റിംഗ് വിവരങ്ങള്‍ പുറത്തു വരുന്നത്. 30, 31, 32, 33 എന്നീ ആഴ്ചകളിലെ റേറ്റിംഗിലാണ് 24 ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇക്കഴിഞ്ഞയാഴ്ച എല്ലാ ചാനലുകളുടേയും റേറ്റിംഗില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 157.3 പോയിന്റോടെ ഒന്നാമത് നിന്ന 24 ന്യൂസ് 132.7 പോയിന്റിലേക്ക് താഴ്ന്നു. 147.6 പോയിന്റ് ഉണ്ടായിരുന്ന് ഏഷ്യാനെറ്റ് ന്യൂസിന് 132.2 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. 149.1 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവി 110.5 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റേറ്റിംഗ് കണക്കുകള്‍ വിശദമായി നോക്കിയാല്‍ മൂന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യനെറ്റ് കുതിച്ചപ്പോള്‍ കിതച്ചത് റിപ്പോര്‍ട്ടറാണ്.

ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ ഏഷ്യാനെറ്റിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ചാനലിന്റെ നഷ്ടപ്പെട്ട ക്രെഡിബിലിറ്റി തിരിച്ചു പിടിക്കാന്‍ സഹായിച്ച പ്രധാന ഘടകമാണ്. ശ്രീലേഖ ആദ്യം ഈ വെളിപ്പെടുത്തല്‍ മറ്റ് ചാനലുകളില്‍ നടത്തിയിരുന്നു. എന്നാല്‍ അവർ രഞ്ജിത്തിന്റെ പേര് പറയാന്‍ തയ്യാറാകാതെ പ്രമുഖ സംവിധായകന്‍ എന്ന് വിശേഷിപ്പിച്ചാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ഏഷ്യാനെറ്റ് രഞ്ജിത്തിന്റെ പേരും ചിത്രവും സഹിതം വാര്‍ത്ത കൊടുത്തതോടെയാണ് വിഷയം വൻ വിവാദത്തിന് വഴിമാറിയത്. ഇതോടെ നേരത്തെ പേര് മറച്ചവരും അത് വെളുപ്പെടുത്താൻ നിർബന്ധിതരായി. ഇത് വലിയ പ്രചരണത്തിന് ഏഷ്യാനെറ്റ് ഉപയോഗിക്കുകയും ചെയ്തു.

വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും വ്യതസ്ത തരത്തില്‍ അവതരിപ്പിച്ചതാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആരും അപ്രതിരോധ്യരല്ല എന്ന സന്ദേശം നല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിഞ്ഞ ആഴ്ച കഴിഞ്ഞെങ്കിലും ആ കുതിപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച അവതരണവും വാര്‍ത്തയും ആര്‍ജവവും ഉണ്ടെങ്കില്‍ ആര്‍ക്കും ഏത് സിംഹാസനവും പിടിച്ചടക്കാം എന്ന സന്ദേശം നല്‍കാന്‍ 24 ന്യൂസിനും റിപ്പോര്‍ട്ടിനും കഴിഞ്ഞുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അത് നിലനിര്‍ത്തുക എന്നത് ഏറെ ദുഷ്‌കരവും.

ചാനലുകളുടെ റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിലാണ് മനോരമയും മാതൃഭുമിയും. ഈ രണ്ട് ചാനലുകള്‍ക്കും ടെലിവിഷന്‍ വാര്‍ത്താരംഗത്ത് ഇക്കാലമത്രയും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ചതഞ്ഞ വാര്‍ത്താ അവതരണ ശൈലിയും പഞ്ചില്ലാത്ത വാര്‍ത്തകളുമാണ് ഇരു ചാനലുകളുടേയും പ്രത്യേകത. ഒന്നിലും ഒരു നിലപാടില്ലാത്ത അഴകൊഴമ്ബന്‍ ശൈലിയാണ് പിന്തുടരുന്നത്. എതിരാളികള്‍ ചെയ്യുന്നത് അതുപോലെ പിന്തുടർന്നാല്‍ സേഫായി എന്ന് കരുതുന്നവരാണ് തലപ്പത്ത്. സ്വന്തമായി ഒരു പരീക്ഷണവും നടത്താൻ ഈ രണ്ട് ‘ലെഗസി മീഡിയ’കള്‍ക്കും കെല്‍പില്ല എന്നതാണ് കഷ്ടം.