play-sharp-fill
ചന്ദ്രയാൻ രണ്ട് പരാജയ കാരണം നരേന്ദ്രമോദി: സോഷ്യൽ മീഡിയയുടെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമി

ചന്ദ്രയാൻ രണ്ട് പരാജയ കാരണം നരേന്ദ്രമോദി: സോഷ്യൽ മീഡിയയുടെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമി

സ്വന്തം ലേഖകൻ

ബംഗളൂരു: ചന്ദ്രയാൻ രണ്ട് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം പുകയുമ്പോൾ മോദിക്കെതിരെ സോഷ്യൽ മീഡിയയുടെ ചുവട് പിടിച്ച് വെടിപൊട്ടിച്ച് കർണ്ണാടക മുൻ മുഖ്യമന്ത്രി എസ്.ഡി കുമാരസ്വാമി. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർഭാഗ്യമാണെന്ന പ്രസ്താവനയുമായാണ് ഇപ്പോൾ കുമാരസ്വാമി രംഗത്ത് എത്തിയിരിക്കുന്നത്.
ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിൽ തൊടുന്നത് കാണുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒയുടെ കേന്ദ്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ദൗത്യം കപ്പിനും ചുണ്ടിനും ഇടയിൽ പരാജയപ്പെട്ടപ്പോൾ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രിയുടെ ചിത്രവും വീഡിയോയും ബിജെപി സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചാരണ ആയുധമാക്കിയിരുന്നു. ഇതിനു പിന്നാലെ മോദി എത്തിയതായി ദൗത്യം പരാജയപ്പെട്ടതെന്നു പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ മറുപ്രചാരണവും തുടങ്ങിയിരുന്നു.
ഇതിനിടെയാണ് ഇപ്പോൾ കുമാരസ്വാമി തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചന്ദ്രയാന്റെ വിജയം ഏറ്റെടുക്കുന്നതിനായാണ് മോദി ബംഗളൂരുവിൽ എത്തിയത്. എന്നാൽ, ഐഎസ്ആർഒയുടെ കേന്ദ്രത്തിൽ മോദി കാലെടുത്ത് കുത്തിയപ്പോൾ തന്നെ അത് അപശകുനമായിട്ടുണ്ടാകാം എന്നായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ശാസ്ത്രജ്ഞരുടെ പന്ത്രണ്ട് വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ്, അധ്വാനമുണ്ട് ദൗത്യത്തിന് പിന്നിൽ. 2008 – 2009 കാലത്ത് ദൗത്യത്തിന് ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ചന്ദ്രയാൻ രണ്ടിനു പിന്നിൽ താനാണെന്നു കാണിച്ച് വെറും പ്രശസ്തിയ്ക്കു വേണ്ടിയാണ് മോദി ബംഗളൂരുവിൽ എത്തിയത്. മുഖ്യമന്ത്രി യദ്യൂരിയപ്പയും ഇവിടെ എത്തിയെങ്കിലും തനിക്ക് ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാൻ ഇദ്ദേഹത്തോടും മടങ്ങാൻ മോദി ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ജനങ്ങളെ സേവിക്കുന്നവരുടെ അവസ്ഥയെന്നും കുമാരസ്വാമി പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ബിജെപി സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്.