
കൊച്ചി: ബ്രസീലിൽ നടന്ന ത്രിദിന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുത്ത് ചാണ്ടി ഉമ്മൻ എം.എൽ.എ. ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏക എം.എൽ.എയാണ് ചാണ്ടി ഉമ്മൻ. ബ്രിക്സിന്റെ പരമ്പരാഗത മൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ കേരളത്തിന്റെ ആയുർവേദത്തെ പരിചയപ്പെടുത്താൻ സംഘാടകരുടെ പ്രത്യേക ക്ഷണിതാവായാണ് ചാണ്ടി ഉമ്മൻ പങ്കെടുത്തത്.
സമ്മേളനത്തിൽ ബ്രസീൽ പാർലമെന്റിലെ ബ്രിക്സ് രണ്ടാം ഫോറത്തിലും ബിസിനസ് ഫോറത്തിലുമായി രണ്ട് സെഷനുകളിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആയുർവേദത്തിന്റെ ചരിത്രത്തെക്കുറിച്ചും ശാസ്ത്രം ആയുർവേദത്തെ എത്രത്തോളം ശരിവയ്ക്കുന്നുവെന്നതും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞതായി ചാണ്ടി ഉമ്മൻ പറഞ്ഞു.
പണ്ട് ആയുർവേദം പറഞ്ഞത് ഇന്ന് ലോകം അംഗീകരിക്കുന്നു. ഫോറത്തിൽ പങ്കെടുത്ത ചില രാഷ്ട്ര പ്രതിനിധികൾ ആയുർവേദത്തിന് തങ്ങളുടെ രാഷ്ട്രങ്ങളിൽ കൂടുതൽ അവസരങ്ങൾ തുറന്നു നൽകാൻ ആഗ്രഹിക്കുന്നതായും ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നതായും ചാണ്ടി ഉമ്മൻ അറിയിച്ചു.
സർവ്വമത സമ്മേളനത്തിന്റെ നൂറാംവാർഷികാചരണത്തിന്റെ ഭാഗമായി റഷ്യയിലെ മോസ്കോയിലെത്തിയ സമയത്താണ് ബ്രിക്സ് സമ്മേളനത്തിന്റെ സംഘാടകരുമായി സംസാരിക്കാൻ ചാണ്ടി ഉമ്മന് അവസരം കിട്ടിയത്.
സമ്മേളനത്തിന്റെ വിഷയം പരമ്പരാഗത മൂല്യം (ട്രഡീഷണൽ വാല്യു) എന്നതാണെന്ന് അറിഞ്ഞപ്പോഴാണ് ആയുർവേദത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. തുടർന്നാണ് സംഘാടകർ അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
വളരെ കുറഞ്ഞ സമയമേ കിട്ടിയിരുന്നെങ്കിലും ആയുർവേദം എന്താണെന്നും ജീവിതശൈലീ രോഗങ്ങൾക്കും സൗഖ്യത്തിനും ആയുർവേദം എത്രത്തോളം സഹായിക്കുന്നുവെന്നും ആധുനിക ശാസ്ത്രം ആയുർവേദത്തിലെ കണ്ടുപിടിത്തങ്ങളെ അംഗീകരിക്കുന്നുവെന്നതും അവതരിപ്പിക്കാൻ അവസരം കിട്ടിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.