ചാലക്കുടി ബാങ്ക് കവർച്ച കേസ്: ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോയി, ബാങ്ക് മാനേജർ മരമണ്ടനായിരുന്നു, കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു, രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്ന് പ്രതിയുടെ മൊഴി; പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Spread the love

തൃശ്ശൂർ: ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ചാലക്കുടി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിലവിൽ വിയ്യൂർ ജയിലിലാണ് റിജോ ആന്റണി ഉള്ളത്.

കൂടുതൽ തെളിവ് ശേഖരണത്തിനും റിജോ ആന്റണി മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തിയിരുന്നു. ഇതിന് പുറമേ കടം വീട്ടുന്നതിനായി ഇയാൾ നൽകിയ 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. തുക ലഭിച്ചയാൾ പണം പൊലീസിനെ ഏൽപിക്കുകയായിരുന്നു. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കിൽ നിന്ന് കവർന്നത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.

മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറർ മാറ്റിവെച്ചതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇതെല്ലാമാണ് പ്രതിയിലേയ്ക്ക് എത്താൻ പൊലീസിന് സ​ഹായമായത്.

രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ, പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.