video
play-sharp-fill

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിമരുന്നുമായി കുടുക്കിയ സംഭവത്തിൽ ആഫ്രിക്കക്കാരൻ ചെയ്തതെന്ത്? പ്രതികൾ വച്ച കെണികൾ പരാജയപ്പെട്ടതെങ്ങനെ? പുറത്തു വരുന്നത് പ്രതികൾ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിമരുന്നുമായി കുടുക്കിയ സംഭവത്തിൽ ആഫ്രിക്കക്കാരൻ ചെയ്തതെന്ത്? പ്രതികൾ വച്ച കെണികൾ പരാജയപ്പെട്ടതെങ്ങനെ? പുറത്തു വരുന്നത് പ്രതികൾ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

തൃശ്ശൂർ: 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ രക്ഷിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്.
കേസിന്റെ പല ഘട്ടങ്ങളിലും അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു തുണയായി. അവരെ കുടുക്കാനായി യഥാർഥ എല്‍എസ്ഡി സ്റ്റാമ്പുതന്നെ വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണദാസും തീരുമാനിച്ചിരുന്നത്.

ബെംഗളൂരുവിലുള്ള ആഫ്രിക്കക്കാരനില്‍നിന്ന് പതിനായിരം രൂപ കൊടുത്ത് സ്റ്റാമ്പ് വാങ്ങിയത് ഷീലയ്ക്ക് ജയില്‍ശിക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, മൂന്നു മാസത്തിനുശേഷം കാക്കനാട്ടെ അനലിറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍നിന്ന് കുറ്റവിമുക്തയായി.

സത്യത്തില്‍ ഒറിജിനലെന്നുപറഞ്ഞ് ആഫ്രിക്കക്കാരൻ ലിവിയയെ പറ്റിക്കുകയായിരുന്നു. ലിവിയ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ആയിരുന്നുവെന്ന് മനസ്സിലായത് പരിശോധനാഫലം വന്നതിനുശേഷമാണെന്നാണ് പ്രതി നാരായണദാസ് പോലീസിനു മൊഴി നല്‍കിയത്. യഥാർഥ സ്റ്റാമ്പ് തന്നെയാണ് കൈമാറിയിരുന്നതെങ്കില്‍ ഷീലയുടെ നിരപരാധിത്വം തെളിയിക്കാൻ എളുപ്പമായിരുന്നില്ല. എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവായേക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഫ്രിക്കക്കാരൻ പറ്റിച്ചതല്ലെങ്കില്‍ പ്രതികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാകാം ഷീലയ്ക്കു തുണയായത്.
പ്രതികള്‍ക്ക് എല്‍എസ്ഡി സ്റ്റാമ്പ് ഒളിപ്പിക്കാൻ തോന്നിയതും ഷീലയുടെ ഭാഗ്യമായി വേണം കരുതാൻ. മറ്റേതെങ്കിലും ലഹരിവസ്തുക്കളാണ് ഒളിപ്പിച്ചിരുന്നതെങ്കില്‍ പരിശോധനാഫലത്തില്‍ ഇത്തരത്തില്‍ മാറ്റംവരാനിടയില്ല.

കുറ്റം ചെയ്തിട്ടില്ലെന്ന ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാൻ ചില ഉന്നതോദ്യോഗസ്ഥർ എക്സൈസ് വകുപ്പിലുണ്ടായതും അവർക്കു തുണയായി. ഷീലാ സണ്ണി റിമാൻഡിലായി ഒരാഴ്ച പിന്നിട്ടശേഷമാണ് എക്സൈസ് അസി. കമ്മിഷണറായിരുന്ന ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണോദ്യോഗസ്ഥർ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തത്. മൂന്നു ദിവസമാണ് ചോദ്യംചെയ്യല്‍ തുടർന്നത്.

ഷീലയ്ക്കു മയക്കുമരുന്നുമായി നേരിട്ട് ബന്ധമില്ലെന്ന് ആദ്യദിവസംതന്നെ ബോധ്യമായിരുന്നതായി ഇപ്പോള്‍ സർവീസില്‍നിന്ന് വിരമിച്ച ഡി. ശ്രീകുമാർ പറഞ്ഞു. ഇക്കാര്യം കേസ് ഡയറിയിലും രേഖപ്പെടുത്തി. എന്നാല്‍, ഇതിനു ബലം നല്‍കുന്ന തെളിവുകള്‍ അന്ന് ലഭിച്ചിരുന്നില്ല. രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീലയെ കുടുക്കിയവർക്കായുള്ള അന്വേഷണം എക്സൈസ് വകുപ്പ് ഊർജിതമാക്കി.