
കോട്ടയം: കഴിഞ്ഞ എഴുപതു വർഷത്തെ മലയാള ചലച്ചിത്രഗാനങ്ങളുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ
ഈ മേഖലയിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് പ്രണയഗാനങ്ങളാണെന്ന് പറയാം.
മനുഷ്യജീവിതത്തെ ഏറ്റവും മനോഹരമാക്കുന്ന വികാരമാണല്ലോ പ്രണയം.
അതുകൊണ്ടുതന്നെ പ്രണയത്തെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കഥയോ ചലച്ചിത്രമോ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
കഥകളിലെ നായകനും നായികയും മാത്രമല്ല പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ പോലും പ്രണയാനുഭൂതികൾ പങ്കുവെക്കുന്ന അപൂർവ്വ കാഴ്ചകൾ ചില പാട്ടുകളിൽ ദർശിക്കാൻ കഴിയും.
1976-ൽ പ്രദർശനത്തിനെത്തിയ
ഐ വി ശശിയുടെ “അനുഭവം ” എന്ന ചിത്രത്തിലെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
“വാകപ്പൂമരം ചൂടും
വാരിളംപ്പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ…”
എന്ന ഗാനം അത്തരമൊരു പ്രണയാനുഭവം പങ്കു വെയ്ക്കുന്നതായിരുന്നു. വാസന്തപഞ്ചമിയും വടക്കൻ തെന്നലും തമ്മിലുള്ള പ്രണയ സംഗമത്തിന്റെ കഥ പറഞ്ഞത് ഗാനരചയിതാവായ ബിച്ചു തിരുമലയാണ്.
“വാതിലിൽ
വന്നെത്തിനോക്കിയ വസന്തപഞ്ചമിപെണ്ണിൻ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു
തെന്നൽ തരിച്ചുനിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവൾ
അരികിൽവന്നു
വിധുവദനയായ്
വിവശയായവൾ
ഒതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു …”
ഒരു കാലത്ത് നമ്മുടെ ഗ്രാമപ്രദേശങ്ങളിലൊക്കെ പലരുടെയും കണ്ണുവെട്ടിച്ച് നടന്നിരുന്ന ഒരു നാടൻ പ്രേമത്തിന്റെ തൂവൽസ്പർശങ്ങൾ ഈ വരികളിൽ കാണാൻ കഴിയുന്നില്ലേ …?
അതുതന്നെയാണ് ഈ ഗാനത്തിന്റെ വിജയവും അതിപ്പോഴും മനസ്സിൽ നിന്നും മായാതിരിക്കുന്നതും .
പ്രണയം മനസ്സിൽ നിന്നും ശരീരത്തിലേക്ക് പടരുന്നതിന്റെ അനുഭൂതികൾ പങ്കുവയ്ക്കുന്നതായിരുന്നു അനുഭവത്തിലെ
മറ്റൊരു ഗാനം .
“ഒരു മലരിൽ
ഒരു തളിരിൽ
ഒരു പുൽക്കൊടിത്തുമ്പിൽ
ഒരു ചെറുഹിമകണമണിയായ് ഒതുങ്ങി നിന്നു ശിശിരം
ഒതുങ്ങി നിന്നു
പരിസരം എത്ര സുഖകരം
എന്തു പരിമളം
നിന്റെ മേനിയിൽ …”
എഴുപതുകളിലെ പ്രണയ ജോടികളായ വിൻസെന്റും ജയഭാരതിയുമാണ് അനുഭവത്തിലെ ഈ മനോഹര ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അന്ന് ചെറുപ്പക്കാരുടെ സ്വപ്നറാണിയായിരുന്ന ജയഭാരതിയുടെ തുടുത്ത മേനിയുടെ പരിമളം നുകർന്നുകൊണ്ടുള്ള ഈ പ്രണയരംഗം അക്കാലത്ത് ഒട്ടേറെ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നുവെന്നുള്ളത് ഒരു മധുരമുള്ള ഓർമ്മ തന്നെയാണ് . ബിച്ചു തിരുമലയുടെ വരികൾക്ക് ലാസ്യഭാവം കലർന്ന സംഗീതം നൽകിയത് എ ടി ഉമ്മർ .
പ്രാർത്ഥന പിക്ച്ചേഴ്സിന്റെ ബാനറിൽ രാമചന്ദ്രൻ നിർമ്മിച്ച അനുഭവത്തിന്റെ കഥയും
തിരക്കഥയുമെഴുതിയത് ആലപ്പി ഷെരീഫായിരുന്നു .
ഷീല, എം ജി സോമൻ ,
വിൻസെന്റ് ,ജയഭാരതി ,
മല്ലികാ സുകുമാരൻ, ബഹദൂർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മുഖ്യ താരങ്ങൾ .
അനുഭവത്തിലെ ഉജ്ജ്വലമായ അഭിനയത്തിന് ഷീലക്ക്
ആ വർഷഞ്ഞെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്ക്കാരവും ലഭിക്കുകയുണ്ടായി .
“കുരുവികൾ ഓശാന പാടും ..”
( ജാനകി )
“സൗര മയൂഖം …”
(യേശുദാസ് , ജാനകി )
“അങ്കിൾ സാന്താക്ലോസ് … ”
( സീറോ ബാബു, മനോഹരൻ , കൊച്ചിൻ ഇബ്രാഹിം , സി.ഓ.ആന്റോ )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1976 ജൂണിൽ പ്രദർശനശാലകളിൽ എത്തിയ “അനുഭവം ” എന്ന
ചിത്രം 48 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
മാത്രമല്ല ബിച്ചു തിരുമലയ്ക്ക് മലയാള ചലച്ചിത്ര ഗാനരചയിതാക്കളുടെ ഇടയിൽ ഒരു ഇരിപ്പിടം നേടിക്കൊടുത്ത സിനിമ കൂടിയാണ് അനുഭവം .