
തിരുവനന്തപുരം: രഞ്ജിത്ത് രാജി വെച്ച ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടൻ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിന് ചെയർമാൻ്റെ അധിക ചുമതല നൽകിയേക്കും. ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് മുന്നോടിയായി പുതിയ ചെയർമാനെ നിശ്ചയിച്ചേക്കും. ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സംവിധായകൻ രഞ്ജിത്തിന്റെയും എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടൻ സിദ്ദിഖിന്റെയും രാജി.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിന്റെ രാജിക്ക് മുൻപാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. യുവനടി രേവതി സമ്പത്ത് ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019-ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാൾ നമ്പർ വൺ ക്രിമിനലാണെന്നും രേവതി ആരോപിച്ചു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. 21ാം വയസിലാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ വ്യക്തികൾക്കെതിരായ ആരോപണങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group