
കോട്ടയം: കൊളുത്താന്‍ വിളക്കല്ല, ഉദ്ഘാടകനു മുന്നിലെത്തിയത് സാക്ഷാല്‍ വരിക്കച്ചക്കയും കത്തിയും. മുള്ളു നിരന്ന ചക്കയും മിന്നുന്ന കത്തിയും കണ്ട ഉദ്ഘാടകന്റെ അമ്പരപ്പ് നൊടിയിടയില്‍ കൗതുകത്തിനു വഴിമാറി.
നിറഞ്ഞ ചിരിയോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ തേൻ വരിക്ക മുറിച്ച് നട്ടാശേരിയില്‍ നടന്ന ചക്ക സംസ്കരണ-ഉത്പന്ന നിര്‍മാണ പാഠശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
എമര്‍ജിംഗ് നട്ടാശേരി ജനകീയ കൂട്ടായ്മയും കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഫാമിംഗ് ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി നട്ടാശേരി ഹോളി ഫാമിലി ക്നാനായ കാത്തലിക് പാരിഷ് ഹാളില്‍ നടത്തിയ പാഠശാല ഉദ്ഘാടനത്തിന്റെ രീതിയില്‍ മാത്രമല്ല, നിരവധി കാര്യങ്ങളിലും തനിമ പുലര്‍ത്തി. രണ്ടു ഡസനോളം വ്യാവസായിക പ്രാധാന്യമുള്ള ചക്ക ഉത്പന്നങ്ങളുടെ സംസ്കരണ-ഉത്പാദന മാര്‍ഗങ്ങള്‍ പഠിപ്പിച്ചത് പൂര്‍ണമായും ഹാന്‍ഡ്സ്-ഓണ്‍ രീതിയിലായിരുന്നു.
അമ്പതോളം പഠിതാക്കള്‍ സ്വയം ചക്ക മുറിക്കുന്നതു മുതല്‍ ഉത്പന്നങ്ങളുടെ സ്വാദ് നോക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരുന്നു പഠനത്തിന്റെ രീതി. ട്രെയിനര്‍ പത്മിനി ശിവദാസ് പരിശീലനത്തിനു നേതൃത്വം നല്കി. ചക്കക്കുരുവിന്റെ പായസം മുതല്‍ ചക്ക ഹൽവയും പ്ലാവില പല്‍പ്പൊടി വരെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണ രീതികളാണ് പഠിതാക്കള്‍ സ്വായത്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വര്‍ക്കി, പള്ളം ബ്ലോക്ക് പഞ്ചായത്ത് നട്ടാശേരി ഡിവിഷനംഗം മിഥുന് ജി. തോമസ്, പഞ്ചായത്തംഗങ്ങളായ ഉഷ വേണുഗോപാല്‍, രമേശന് പൂഴിമേല്‍, ലക്ഷ്മി എ. നായര്‍, എമര്‍ജിംഗ് നട്ടാശേരി ടീം അംഗങ്ങളായ എം. ജോര്‍ജ്, എന്‍.പി. രാജേന്ദ്രന്, ദിവ്യ വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



