
ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയ സംഘമഹോത്സവവും 20 മുതല്‍ 26 വരെ തെള്ളകത്ത്: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 20 മുതല്‍ 26 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് കാര്‍ഷിക മേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കെ.എസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിള പ്രദര്‍ശന പവലിയന്റെയും ചൈതന്യ ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം 19ന് വൈകുന്നേരം 5.30ന് ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരി നിര്‍വഹിക്കും. 20ന് സര്‍ഗസംഗമ ദിനാചരണം. രാവിലെ 11.45ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് സിബിആര്‍ മേഖല കലാപരിപാടികള്‍. 12.45ന് ഓലമെടച്ചില്‍,ആവണി തിരുവാതിരകളി മത്സരം. 2.30ന് കാര്‍ഷിക മേളയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെഎസ്എസ്എസ് നവ ചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി മുത്ത് എം.ഡി, കെ.എസ്.എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിക്കും.
21ന് ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഉദ്ഘാടനം 2.30ന് സി.കെ.ആശ എംഎല്‍എ നിര്‍വഹിക്കും. 26ന് 2.30ന് സമാപന സമ്മേളനം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്യും. ഏഴു ദിവസങ്ങളിലായി നടത്തപ്പെടുന്ന കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായ കാര്‍ഷിക വിള പ്രദര്‍ശനം, നാടന്‍, അറബിക്, തലശേരി വിഭവങ്ങളുമായുള്ള ഫുഡ് ഫെസ്റ്റ്, പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാസന്ധ്യകള്‍, തുടങ്ങിയ വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.