
ആറ്റിങ്ങല്‍: റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഈസ്റ്റ് വില്ലേജ് പുള്ളിക്കട വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍ നിന്ന് മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (26), അതേ ഫ്ളാറ്റിലെ മറ്റൊരു താമസക്കാരൻ സാലു (26) എന്നിവരാണ് അറസ്റ്റിലായത്.
ആഡംബര കാറിലെത്തിയാണ് ഇരുവരും പിടിച്ചുപറിശ്രമം നടത്തിയത്. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെ 10-ഓടെ അവനവഞ്ചേരി പോയിന്റുമുക്ക് ജങ്ഷനിലാണ് സംഭവം. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോയ മോളി(54)യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
മോളിയുടെ അടുത്ത് കാർ നിർത്തിയശേഷം പുറത്തിറങ്ങിയ ലക്ഷ്മി ആറ്റിങ്ങലിലേക്ക് പോകുന്ന വഴി അന്വേഷിച്ചു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന മുളകുപൊടി മോളിയുടെ കണ്ണിലേക്കെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചു.
എന്നാല്‍ മുളകുപൊടി ലക്ഷ്മിയുടെ കണ്ണിലും വീണതിനാല്‍ മാലപൊട്ടിക്കാൻ കഴിഞ്ഞില്ല. ലക്ഷ്മി കാറില്‍ കയറിയ ഉടൻ കാർ ആറ്റിങ്ങല്‍ ഭാഗത്തേക്ക് ഓടിച്ചുപോയി.
പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാറുടമയെ കണ്ടെത്തുകയും അയാളില്‍ നിന്ന് പ്രതികളിലേക്കെത്തുകയുമായിരുന്നു. ലക്ഷ്മിയുടെ അമ്മ ഒമാനിലാണ്. ഇവരുടെ സാമ്പത്തികബാധ്യതതീർക്കാനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.