
തൃശൂർ: മാള കുരുവിലശ്ശേരിയില്‍ ക്ഷേത്രത്തിലേക്കുപോവുകയായിരുന്ന സ്ത്രീയുടെ മാല കവർന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ.
ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളംവീട്ടില്‍ മുഹമ്മദ് അമീർ (30) ആണ് അറസ്റ്റിലായത്. വയോധികയുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മുഹമ്മദ് അമീറിന് കോങ്ങാട് പൊലീസ് സ്റ്റേഷനില്‍ 6 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞ് വരവെയാണ് മാളയിലെ കവർച്ചക്കേസില്‍ ഉള്‍പ്പെട്ടത്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ 42 ഗ്രാം മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി അറസ്റ്റിലായ കേസിലും, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കോങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച കേസുകളിലും പ്രതിയാണ് മുഹമ്മദ് അമീർ.